
വിവാദം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്’; ഒരു പാവം പെൺകുട്ടിയെ ആക്രമിക്കുന്നത് എന്തിനാണെന്ന് ഇ.പി.ജയരാജൻ
മുഖ്യമന്ത്രിയെ ആക്രമിക്കാനായി ഒരു പാവം പെൺകുട്ടിയെ ആക്രമിക്കുന്നത് എന്തിനാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ സാമ്പത്തിക ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇ.പി.ജയരാജന്റെ പ്രതികരണം. കൺസൽട്ടൻസി സ്ഥാപനം നടത്തുന്നതിൽ തെറ്റില്ല. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ ഇത്തരം സ്ഥാപനം നടത്തുന്നുണ്ടെന്നും ഇപി ചോദിച്ചു.
സേവനത്തിന്റെ പ്രതിഫലം എല്ലാ നികുതിയും അടച്ച് അക്കൗണ്ട് വഴിയാണു നൽകിയത്. 2017ലെ സംഭവം ഇപ്പോൾ ഉയർത്തിക്കൊണ്ടു വരുന്നതു ദുരുദ്ദേശപരമാണ്. വ്യക്തിഹത്യ പാടില്ല. ഇടതു പക്ഷത്തെ തകർക്കാനുള്ള വലതുപക്ഷ ശക്തികളുടെ അജൻഡയും ഇതിനു പിന്നിലുണ്ടെന്ന് ഇ.പി.ജയരാജൻ കോട്ടയത്തു പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കു കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്നു 1.72 കോടി രൂപയാണു 3 വർഷത്തിനിടെ ലഭിച്ചത്. ഈ പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നായിരുന്നു ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് തീർപ്പു കൽപിച്ചത്.