
കോൺഗ്രസ് നിയമത്തിൽ വിശ്വസിക്കുന്നവർ; മാത്യു കുഴൽനാടനെ പൂട്ടിക്കാനുള്ള ശ്രമം ചെറുക്കും: കെ.സി വേണുഗോപാൽ
കോൺഗ്രസ് എം.എൽ.എ. മാത്യു കുഴൽനാടൻ നികുതിവെട്ടിച്ചു എന്ന ആരോപണത്തിൽ നിയമപരമായ ഏതന്വേഷണത്തേയും നേരിടാൻ കോൺഗ്രസ് തയ്യാറാണെന്ന് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ചില കാര്യങ്ങൾ തുറന്നുപറഞ്ഞതിൻ്റെ പേരിൽ മാത്യുവിനെ പൂട്ടിക്കാനുള്ള അന്വേഷണമാണെങ്കിൽ അതിനെ എതിർക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
തനിക്കെതിരെ തീരുമാനിക്കുന്ന ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും അതിനെ നിയമപരമായി നേരിടുമെന്നും മാത്യു കുഴല്‍നാടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിൻ്റെ നിലപാട് വ്യക്തമാണ്. നിയമത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. ഇക്കാര്യത്തില്‍ നിയമപരമായ ഏതു നടപടിയും അവര്‍ക്ക് സ്വീകരിക്കാം. പക്ഷേ, ഒരു കാര്യം ആലോചിക്കണം ഇതുപോലെ പരാതികള്‍ വിജിലന്‍സിനു മുന്നില്‍ വേറെയും കിടക്കുന്നുണ്ട്. അത് പെട്ടിയ്ക്കകത്തു വെച്ചിട്ട് മാത്യു ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ മാത്യുവിനെ പൂട്ടിക്കാനുള്ള അന്വേഷണമാണെങ്കില്‍ അത് നോക്കേണ്ടിവരും. നിയമപരമായ ഒരു പരിശോധനയേയും കോണ്‍ഗ്രസ് എതിര്‍ക്കില്ല. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അദ്ദേഹം വിശദീകരിക്കും, കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
നെഹ്റുവിൻ്റെയും ഗാന്ധിജിയുടെയുമൊക്കെ പേരിനെ മോദി ഭയപ്പെടുന്നുവെന്നും അതിൻ്റെ ഭാഗമായാണ് നെഹ്റു മ്യൂസിയത്തിന്‍റെ പേര് മാറ്റിയതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. രാജ്യത്തിന്റെയും സ്വാതന്ത്ര്യസമരസേനാനികളുടേയും സ്മാരകങ്ങളായ എല്ലാ ചിഹ്നങ്ങളും മാറ്റണമെന്ന സ്വാര്‍ത്ഥതാത്പര്യത്തിന്റെ പുറത്താണ് പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും മനസ്സ്. അവര്‍ നെഹ്‌റുവിന്റെ പേരിനെ ഭയക്കുന്നു, ഗാന്ധിജിയുടെ പേരിനെ ഭയക്കുന്നു. അതിന്റെ ഭാഗമാണിതെല്ലാം. ഇവരൊന്നും മായ്ച്ചാല്‍ മായുന്നതല്ല നെഹ്‌റുവിന്റെ പേര്. ഇന്ത്യ സഖ്യം അധികാരത്തില്‍ വരും. വന്നാല്‍ ഈ ചെയ്തു കൂട്ടിയ എല്ലാത്തിനും ന്യായമായ രീതിയില്‍ കണക്കു പറയും. പ്രതികാരബുദ്ധിയോടെയല്ല ജനങ്ങളുടെ ഭാഷയിലാകും മറുപടി പറയുകയെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.