
ഓണക്കിറ്റ്: മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും, സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ലഭ്യമാകും
ഈ വർഷത്തെ ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. 5.84 ലക്ഷം ആളുകൾക്കാണ് ഓണക്കിറ്റ് ലഭിക്കുക. ഇതോടൊപ്പം സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലും ഓണക്കിറ്റ് നൽകും. അഗതി മന്ദിരങ്ങളിലെയും അനാഥാലയങ്ങളിലെയും നാല് അംഗങ്ങൾക്ക് ഒന്ന് വീതമായിരിക്കും കിറ്റ് നൽകുക.ഏകദേശം 500 രൂപ വിലവരുന്ന 14 ഇനങ്ങൾ ഉൾപ്പെടുത്തിയാകും ഓണക്കിറ്റ് നൽകുക. കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങൾ ഏതൊക്കെയാണെന്ന് പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും. കിറ്റ് വിതരണം എന്നു മുതൽ തുടങ്ങുമെന്ന കാര്യത്തിലും സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.കഴിഞ്ഞ വർഷങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും ഓണക്കിറ്റ് നൽകിയിരുന്നു. ഈ വർഷം സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാർഡുടമകൾക്കു മാത്രമായി പരിമിതപ്പെടുത്തിയത്. കഴിഞ്ഞതവണ തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടായിരുന്നത്