high-court-ernakulam

സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടർ നിയമനത്തിൽ തുളസീധര കുറുപ്പിനെ തഴഞ്ഞ തീരുമാനം; ഡൽഹി ഹൈക്കോടതി ശരിവച്ചു

നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായി നാടകരചയിതാവ് ഡോ. ജെ. തുളസീധര കുറുപ്പിനെ നിയമിക്കാനുള്ള ശുപാർശ തള്ളിയ കേന്ദ്രത്തിന്റെ തീരുമാനം ഡൽഹി ഹൈക്കോടതി ശരിവച്ചു. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ തീരുമാനം ചോദ്യംചെയ്ത് തുളസീധര കുറുപ്പ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധാരി സിങ് തള്ളി.

എല്ലാ ഘടകങ്ങളും വസ്തുതകളും പരിശോധിച്ച ശേഷമാണ് കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യ സമിതി തുളസീധര കുറുപ്പിന്റെ ഹർജി തള്ളിയതെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നോട്ടുകൾ ഉൾപ്പടെ പരിഗണിച്ച ശേഷമാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നും ഹൈക്കോടതി വ്യക്തമാക്കി.

2018-ൽ ഡയറക്ടർ നിയമനത്തിനായി നടത്തിയ ഇന്റർവ്യൂവിൽ ഒന്നാം സ്ഥാനം ലഭിച്ചത് തുളസീധര കുറുപ്പിനാണ്. എന്നാൽ, നിയമനം നൽകിയില്ല. ഇത് ചോദ്യംചെയ്ത് കുറുപ്പ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ 2020-ൽ പുതിയ ഡയറക്ടറെ തിരെഞ്ഞെടുക്കാൻ സ്‌കൂൾ ഓഫ് ഡ്രാമ പുതിയ അപേക്ഷ ക്ഷണിച്ചിരുന്നു. പുതിയ വിജ്ഞാപന പ്രകാരം ഇന്റർവ്യൂ നടത്താമെങ്കിലും തുളസീധര കുറുപ്പ് നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നതുവരെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കരുതെന്ന് 2021 -ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇതിന് ശേഷം തുളസീധര കുറുപ്പിനെ നിയമിക്കണമെന്ന ശുപാർശ പരിഗണിക്കാൻ 2021 നവംബർ 16-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് തുളസീധര കുറുപ്പിനെ നിയമിക്കണമെന്ന ശുപാർശ 2022 ജനുവരി 29-ന് പരിഗണിച്ച് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം തള്ളിയിരുന്നു. ഇതിനെതിരെ തുളസീധര കുറുപ്പ് നൽകിയ ഹർജിയാണ് തള്ളിയത്.

Leave a Reply

Your email address will not be published.

film award-court -appeal Previous post ക്രമക്കേട് നടന്നതിന് തെളിവില്ല; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി
k.muraleedharan-ayyappan Next post അയ്യപ്പനെ തൊട്ടപ്പോൾ കൈപൊള്ളി, ഗണപതിയെ തൊട്ടാൽ കൈയും മുഖവും പൊള്ളുമെന്നറിഞ്ഞു; കെ. മുരളീധരൻ