
യുഎസിൽ ഭാര്യയെ വെടിവച്ച് കൊന്ന് ജഡ്ജി: പിന്നാലെ നാളെ ഞാനുണ്ടാവില്ലെന്ന് സഹപ്രവർത്തകന് മെസേജ്
കലിഫോർണിയയിലെ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി വാക്കുതർക്കത്തിനു പിന്നാലെ ഭാര്യയെ വെടിവച്ചുകൊന്നു. ജഡ്ജി ജെഫ്രി ഫെർഗോസണാണു ഭാര്യ ഷെറിലിനെ (65) കൊന്നത്. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഓഗസ്റ്റ് മൂന്നിനായിരുന്നു കൊലപാതകം.
വീടിനടുത്തുള്ള ഒരു റസ്റ്ററന്റിൽ വച്ചു അത്താഴത്തെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇവിടെ വച്ചു ജെഫ്രി ഫെർഗോസൺ തന്റെ വിരലുകൊണ്ട് ഭാര്യയുടെ നേർക്കു തോക്കു ചൂണ്ടുന്നതുപോലെ ആംഗ്യം കാണിച്ചു. വീട്ടിലെത്തിയ ശേഷവും ഇരുവരും വീണ്ടും കലഹിച്ചു. എന്തുകൊണ്ട് നിങ്ങൾ യഥാർഥ തോക്ക് എന്റെ നേരെ ചൂണ്ടില്ലെന്ന ഭാര്യയുടെ ചോദ്യത്തിനു പിന്നാലെ ജെഫ്രി തോക്കെടുത്തു തൊട്ടടുത്തു നിന്നു ഭാര്യയുടെ നെഞ്ചിനു നേർക്കു വെടിവച്ചു. പിന്നാലെ 911 ൽ വിളിച്ച് സഹായം തേടിയ ജഡ്ജി തന്റെ ഭാര്യയ്ക്കു വെടിയേറ്റെന്ന് അറിയിച്ചു.
‘ഞാൻ ഭാര്യക്കു നേരെ വെടിവച്ചു, നാളെ ഞാനുണ്ടാവില്ല, കസ്റ്റഡിയിലായിരിക്കും, സോറി’- പിന്നാലെ ജെഫ്രി തന്റെ കോടതിയിലെ ക്ലർക്കിന് മെസേജ് അയച്ചു. പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി തോക്കുകളും 26,000 വെടിയുണ്ടകളും കണ്ടെത്തി. 2015മുതൽ ജഡ്ജിയായി സേവനം ചെയ്യുന്ന ജെഫ്രി ചൊവ്വാഴ്ച കോടതിയിൽ കുറ്റം നിഷേധിച്ചു. നിലവിൽ ജാമ്യത്തിലാണ്.
