
AKG സെന്റര്‍, വീണാ വിജയന്റെ വീടോ
വീണ തൈക്കണ്ടിയില്‍, ഡോട്ടര്‍ ഓഫ് പിണറായി വിജയന്‍, എ.കെ.ജി സെന്റര്‍, പാളയം, തിരുവനന്തപുരം എന്നാണ് അഡ്രസ്സ്
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടാണോ എ.കെ. സെന്റര്‍. അതോ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളാ ഘടകത്തിന്റെ ആസ്ഥാന മന്ദിരമോ. ഇത് സംശയ ലേശമന്വേ പറയേണ്ടതും സ്ഥാപിക്കേണ്ടതും സി.പി.എമ്മാണ്. കാരണം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ തന്റെ കോര്‍പ്പറേറ്റ് കമ്പനിയായ എക്‌സാലോജിക്കിന്റെ അഡ്രസ്സ് വെച്ചിരിക്കുന്നത് എ.കെ.ജി സെന്റര്‍, പാളയം, തിരുവനന്തപുരം എന്നാണ്. ഈ അഡ്രസ്സിലാണോ എക്‌സാലോജിക്ക് എന്ന വിവാദ കമ്പനി പ്രവര്‍ത്തിക്കുന്നതെങ്കില്‍ എ.കെ.ജി സെന്റര്‍ എന്ന അഡ്രസ്സില്‍ എത്ര കോര്‍പ്പറേറ്റ് കമ്പനികള്‍ ഉണ്ടെന്ന് സി.പി.എം വ്യക്തമാക്കണം. ഏതൊക്കെ നേതാക്കളുടെ മക്കള്‍ എ.കെ.ജി സെന്റര്‍ അഡ്രസ്സില്‍ പേപ്പര്‍ കമ്പനികള്‍ നടത്തി കോടികള്‍ വെട്ടിക്കുന്നുണ്ടെന്ന് കുറഞ്ഞ പക്ഷം മുദ്രാവാക്യം വിളിച്ച് തൊണ്ടപൊട്ടി പാര്‍ട്ടിയെ വളര്‍ത്തുന്ന ന്യായീകരണ തൊഴിലാളികളോടെങ്കിലും പറയണം.

വീണവിജയന്റെ എക്സാലോജിക് കമ്പനി ആരംഭിക്കാന്‍ നല്‍കിയ അപേക്ഷയില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ.കെ.ജി സെന്ററിന്റെ അഡ്രസാണ് നല്‍കിയതെന്ന രേഖകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. വീണ തൈക്കണ്ടിയില്‍, ഡോട്ടര്‍ ഓഫ് പിണറായി വിജയന്‍, എ.കെ.ജി സെന്റര്‍, പാളയം, തിരുവനന്തപുരം, കേരള – 695034 എന്ന അഡ്രസാണ് രേഖകള്‍ പ്രകാരം കമ്പനി രൂപീകരിക്കാന്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2014 ആഗസ്റ്റ 27 നാണ് പ്രസ്തുത രേഖയില്‍ നോട്ടറി അറ്റസ്റ്റ് ചെയ്തിരിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ അംഗീകാരിച്ചിട്ടുള്ള നോട്ടറിയായ ഡി.കെ. രമേശപ്പയാണ് വീണാ വിജയന്റെ അഡ്രസ്സ് അറ്റസ്റ്റ് ചെയ്തിരിക്കുന്നത്. അഡ്വക്കേറ്റ് ആന്റ് നോട്ടറി, നമ്പര്‍ 23, 12th മെയിന്‍, 4th ബ്ലോക്ക് ഈസ്റ്റ്, ജയാനഗര്‍, ബാംഗ്ലൂര്‍ എന്നാണ് രമേശപ്പയുടെ അറ്റസ്റ്റഡ് സീലില്‍ രേഖപ്പെടുത്തിയിരിക്കുന്ന അഡ്രസ്സ്. അതുകൊണ്ടുതന്നെ നോട്ടറി വ്യാജമല്ലെന്ന് വിശ്വസിക്കാനേ തരമുള്ളൂ. എന്നാല്‍, അറ്റസ്റ്റ് ചെയ്തിരിക്കുന്ന വീണാ വിജയന്റെ മേല്‍വിലാസം വ്യാജമാണോ അല്ലയോ എന്ന് എന്തുകൊണ്ടാണ് നോട്ടറി അന്വേഷിക്കാത്തത്. വ്യാജ അഡ്രസ്സില്‍ കമ്പനി തുടങ്ങാന്‍ സമര്‍പ്പിച്ച അപേക്ഷ അറ്റസ്റ്റ് ചെയ്തു കൊടുത്ത നോട്ടറി രമേശപ്പയും കുറ്റക്കാരനായിരിക്കുകയാണ്.

2014 സെപ്റ്റംബറില്‍ ആയിരുന്നു വീണയുടെ കമ്പനി നിലവില്‍ വന്നത്. 2014 പിണറായി വിജയനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി. എ.കെ.ജി സെന്ററിന് എതിര്‍വശത്തുള്ള ഫ്ളാറ്റില്‍ ആയിരുന്നു പിണറായിയും കുടുംബവും അന്ന് താമസിച്ചിരുന്നത്. വീണയുടെ കമ്പനിരൂപീകരണത്തിന് ഫ്ളാറ്റിന്റെ അഡ്രസ് കൊടുക്കാതെ പകരം എ.കെ.ജി. സെന്ററിന്റെ അഡ്രസ് നല്‍കിയത് എന്തിനായിരുന്നു എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഈ നടപടിയിലാണ് അടിമുടി ദുരൂഹത. വിവാദ കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി വഴി 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്ന രേഖകളാണ് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും വിനയായത്. സി.ബി.ഐ അന്വേഷണത്തിലേക്കാണ് മാസപ്പടി കൈക്കൂലി വിവാദം എത്തിയിരിക്കുന്നത്. യാതൊരു സേവനവും ചെയ്യാതെ വീണാ വിജയനും വീണയുടെ കമ്പനിയായ എക്സാ ലോജിക്കിനും പണം കിട്ടിയത് ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇതാണ് വീണക്ക് കുരുക്കായത്. കോടികളുടെ മാസപ്പടി കൈപ്പറ്റാന്‍, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് സ്വന്തം മേല്‍വിലാസമാക്കി, വീണാ വിജയന്‍ നടത്തിയ സ്ഥാപനത്തെ കുറിച്ച് ചോദിക്കാന്‍ ഒരു നേതാവിനും നട്ടെല്ലില്ല എന്നതാണ് വസ്തുത. അക്ഷരാര്‍ത്ഥത്തില്‍ സി.പി.എമ്മിനെയും മുഖ്യമന്ത്രിയുടെ കുടുംബത്തിനെയും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് മാസപ്പടി വിവാദവും, വീണയുടെ കമ്പനി അഡ്രസ്സും.

തെളിവുകളെല്ലാം വീണാ വിജയന് എതിരാണ്. കരിമണല്‍ കര്‍ത്തയുടെ കമ്പനി അല്ലാതെ മറ്റ് ഏതെങ്കിലും കമ്പനികള്‍ വീണ വിജയന്റെ കമ്പനിക്ക് പണം നല്‍കിയിട്ടുണ്ടോയെന്ന് ഇ.ഡി. പരിശോധിക്കുന്നുണ്ട്. ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സി.ബി.ഐ ഓഫിസിലും എത്തിയിട്ടുണ്ട്. അതേസമയം, വിവാദങ്ങളെ തുടര്‍ന്ന് എക്സാലോജിക് കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് വീണാ വിജയന്‍. 2023 ജനുവരി 21നാണ് വീണ അപേക്ഷ നല്‍കിയത്. കേരള ജി.എസ്.ടി വകുപ്പിനും കേന്ദ്ര സര്‍ക്കാരിനുമാണ് വീണ അപേക്ഷ നല്‍കിയത്. കമ്പനി കാര്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ വീണയുടെ എക്സാ ലോജിക്ക് കമ്പനിയുടെ ഇന്നത്തെ അവസ്ഥ ‘ ഡോര്‍മന്റ് അണ്ടര്‍ സെക്ഷന്‍ 455’എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോര്‍മന്റ് എന്നാല്‍ നിശ്ചലം. 31.3.22 ല്‍ കമ്പനിയുടെ ബാലന്‍സ് ഷീറ്റ് വീണ സമര്‍പ്പിച്ചിട്ടുണ്ട്. 2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ എക്സാ ലോജിക്കിന് ലഭിച്ചത് കോടികളുടെ പ്രവൃത്തികള്‍.

എ.ഐ ക്യാമറ വിവാദത്തില്‍ തുടരുന്ന മൗനം മകളുടെ മാസപ്പടിയിലും പിണറായി പുലര്‍ത്തുകയാണ്. ആകാശത്തിന് കീഴിലുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയുന്ന വീണയുടെ ഭര്‍ത്താവ് മന്ത്രി റിയാസും മൗനത്തിലാണ്. ഏതു നിമിഷവും ് ക്ലിഫ് ഹൗസില്‍ സി.ബി.ഐയെ പ്രതീക്ഷിക്കാവുന്ന അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ എം. ശിവശങ്കരനെ ഐ.ടി വകുപ്പ് സെകട്ടറിയാക്കിയത് തന്നെ വീണയുടെ കമ്പനിയെ സഹായിക്കാന്‍ വേണ്ടിയായിരുന്നു. ബാഗ്ലൂരിലെ എക്സാ ലോജിക് കമ്പനിയില്‍ എല്ലാ ആഴ്ചയും ശിവശങ്കരന്‍ സന്ദര്‍ശിക്കുമായിരുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന്റെ ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ ആയിരുന്നു വീണയുടെ കമ്പനിയുടെ മെന്റര്‍. കെ ഫോണ്‍ അടക്കമുള്ള കോടികളുടെ കണ്‍സള്‍ട്ടന്‍സികള്‍ ഇതിലൂടെ പ്രൈസ് വാട്ടര്‍ കൂപ്പറിന് ലഭിച്ചു. ഇത് വിവാദമായതോടെ വീണയുടെ കമ്പനിയില്‍ ജെയ്ക്ക് ബാലകുമാര്‍ മെന്ററല്ല എന്ന കല്ലുവെച്ച നുണ മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും ചെയ്തു.

എക്സാ ലോജിക് കമ്പനിയുടെ വെബ് സൈറ്റില്‍ ജെയ്ക്ക് ബാലകുമാര്‍ മെന്റര്‍ എന്ന് വെളിപ്പെടുത്തിയത് തെളിവ് സഹിതം പ്രതിപക്ഷം പുറത്ത് വിട്ടു. കോടികളുടെ ഡാറ്റ കച്ചവടം ലക്ഷ്യമിട്ട് ശിവശങ്കറിന്റെ നേതൃത്വത്തില്‍ പിണറായി കൊണ്ട് വന്ന സ്പ്രിംഗ്ളര്‍ കരാര്‍ വീണയുടെ കമ്പനിക്ക് വേണ്ടി ആയിരുന്നു എന്ന് വെളിപ്പെടുത്തിയത് അക്കാലത്ത് ശിവശങ്കറിന്റെ നിഴല്‍ ആയിരുന്ന സ്വപ്ന സുരേഷ് ആയിരുന്നു. കെ. ഫോണില്‍ സ്വപ്നക്ക് ജോലി നല്‍കിയതും ജെയ്ക്ക് ബാലകുമാറിന്റെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ വഴിയായിരുന്നു. സ്വന്തം കമ്പനിയുടെ സാമ്രാജ്യം ഷാര്‍ജയിലേക്ക് വികസിപ്പിക്കാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ വീണ തയ്യാറാക്കിയിരുന്നു. ഷാര്‍ജ ഭരണാധികാരിയുടെ ക്ലിഫ് ഹൗസ് സന്ദര്‍ശനത്തില്‍ തന്റെ ബിസിനസ് സാമ്രാജ്യം നടത്തിയെടുക്കാനായിരുന്നു വീണയുടെ പദ്ധതി. കമലയുടെ തിടുക്കവും പെരുമാറ്റവും എല്ലാം കുളമാക്കി എന്ന് ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശന സമയത്ത് ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്ന സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.

വീണ വിജയന് കരിമണല്‍ കര്‍ത്ത മാസപ്പടി നല്‍കിയത് മുഖ്യമന്ത്രിയുടെ സ്വാധിനം ഉപയോഗിച്ച് കൊണ്ട് നടത്തിയ അഴിമതി ആണെന്നാണ് കേന്ദ്ര ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ഒരു ജോലിയും ചെയ്യാതെ മാസപ്പടി പിന്നെങ്ങനെ കിട്ടും എന്ന ചോദ്യമാണ് ഉയരുന്നത്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നിയമസഭയില്‍ മാസപ്പടി വിവാദത്തെ കുറിച്ചുള്ള ആരോപണം ഉന്നയിച്ചത്. ഇതോയാണ് സി.പി.എം കൂടുതല്‍ വെട്ടിലായത്. എന്നാല്‍, കമ്പനി നിയമപരമാണെന്നും, സര്‍ക്കാര്‍ നികുതികള്‍ കൃത്യമായി അടയ്ക്കുന്ന കമ്പനിയാണെന്നും സി.പി.എം നേതാക്കള്‍ പച്ചക്കള്ളം പറഞ്ഞാണ് വിവാദത്തില്‍ നിന്നും തലയൂരാന്‍ ശ്രമിച്ചത്. അതേസമയം, നിയമപരമായ കമ്പനിയാണെങ്കില്‍ നികുതി കൃത്യമായി അടയ്ക്കുന്ന കമ്പനിയാണെങ്കില്‍ വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് കാലത്തെ ആസ്തിയില്‍ ഇത് ഉള്‍പ്പെടുത്തുതിരുന്നതെന്തെന്ന മറുചോദ്യം മാത്യുകുഴല്‍ നാടന്‍ ചോദിച്ചതോടെ വീണ്ടും വെട്ടിലായിരിക്കുകയാണ് സി.പി.എം. മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് വിജയത്തെപ്പോലും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ് സി.പി.എമ്മിന്റെ മുന്നില്‍ നില്‍ക്കുന്നത്.
ഒരു കാര്യത്തില്‍ പാര്‍ട്ടി അണികളോടെങ്കിലും നേതാക്കള്‍ സത്യം പറയേണ്ടി വരുമെന്നതില്‍ തര്‍ക്കമില്ല. നേതാക്കളുടെ മക്കള്‍ നടത്തുന്ന കൊള്ളരുതായ്മകള്‍ക്കും, വന്‍കിട ബിസിനസ്സുകള്‍ക്കും തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ ആസ്ഥാനത്തിന്റെ മേല്‍വിലാസം ഉപയോഗിക്കുന്നത് ഏത് തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്ന്.