
മാസങ്ങളായി മണിപ്പുർ കത്തുമ്പോൾ പാർലമെന്റിന്റെ നടുവിൽനിന്ന് നാണമില്ലാതെ ചിരിക്കുന്നു’: പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മാസങ്ങളായി മണിപ്പുർ കത്തുമ്പോൾ പാർലമെന്റിൽ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചേർന്നതല്ലെന്ന് എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു. ലോക്‌സഭയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനു പ്രധാനമന്ത്രി നൽകിയ മറുപടിയെ രാഹുൽ വിമർശിച്ചു. രണ്ടു മണിക്കൂറിലധികം നീണ്ട പ്രസംഗത്തിൽ മണിപ്പുരിനായി രണ്ടു മിനിറ്റു മാത്രമാണ് നീക്കിവച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘‘ഇന്നലെ പ്രധാനമന്ത്രി രണ്ടു മണിക്കൂർ ചിരിച്ചും തമാശ പറഞ്ഞും മുദ്രാവാക്യം മുഴക്കിയും സംസാരിക്കുന്നത് ഞാൻ കണ്ടു. മണിപ്പുർ സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണെന്നും അവിടെ ആളുകൾ മരിച്ചെന്നും പ്രധാനമന്ത്രി മറന്നതായി തോന്നുന്നു. പാർലമെന്റിന്റെ നടുത്തളത്തിലിരുന്ന് പ്രധാനമന്ത്രി നാണമില്ലാതെ ചിരിക്കുകയായിരുന്നു. ഇന്നലത്തെ വിഷയം കോൺഗ്രസോ ഞാനോ ആയിരുന്നില്ല. മണിപ്പുരിൽ എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ട് അതു തടയുന്നില്ല എന്നതായിരുന്നു.
ഞാൻ 19 വർഷമായി രാഷ്ട്രീയത്തിലുണ്ട്, മിക്കവാറും എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ചിട്ടുണ്ട്. എന്നാൽ മണിപ്പുരിൽ ഞാൻ കണ്ടതും കേട്ടതും ഇതുവരെയില്ലാത്ത കാര്യങ്ങളാണ്. മണിപ്പുരിനെക്കുറിച്ച് പാർലമെന്റിൽ സംസാരിച്ചതുപോലെ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എങ്ങനെ സംസാരിക്കാനാകുമെന്നു മനസ്സിലാകുന്നില്ല. മണിപ്പുരിലെ അക്രമം തടയാൻ പ്രധാനമന്ത്രിക്ക് കഴിയും. പക്ഷേ അദ്ദേഹം അതു ചെയ്യുന്നില്ല; അദ്ദേഹം അവിടെ പോകുകയെങ്കിലും ചെയ്യണം. ഇന്ത്യൻ സൈന്യത്തിൽ എനിക്കു പൂർണ വിശ്വാസമുണ്ട്. സൈന്യത്തിന് 2-3 ദിവസത്തിനുള്ളിൽ അവിടെ സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് എല്ലാവർക്കും അറിയാം. പക്ഷേ സർക്കാർ അങ്ങനെ ചെയ്യുന്നില്ല.’’– രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പൂരിൽ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന തന്റെ പരാമർശം പൊള്ളയായ വാക്കുകളല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മണിപ്പുരിൽ ഭാരത് മാതാവ് കൊല്ലപ്പെട്ടെന്നു പറഞ്ഞത് മണിപ്പുർ ഇപ്പോൾ ഇല്ലെന്ന് അറിയാമായിരുന്നതിനാലാണ്. മണിപ്പുരിൽ ഹിന്ദുസ്ഥാനെ ബിജെപി കൊലപ്പെടുത്തി. ഭാരത് മാതായ്‌ക്കെതിരെ എവിടെ ആക്രമണമുണ്ടായാലും അതു തടയാൻ താൻ ശ്രമിച്ചിരുന്നതായും പാർലമെന്റ് രേഖകളിൽനിന്ന് ആദ്യമായി ഭാരത് മാതാ എന്ന വാക്കു നീക്കം ചെയ്തത് അപമാനകരമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.