mathew-kuzhalnadan-veena-vijayan

‘സിപിഎം മുൻപ് ഭയപ്പെട്ടിരുന്നത് ജനങ്ങളെയാണ്, ഇപ്പോൾ ഭയപ്പെടുന്നത് പിണറായിയെ; ചോദിക്കാനുള്ളത് മുഖത്തുനോക്കി ചോദിക്കും’: മാത്യു കുഴൽനാടൻ

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സ്വകാര്യ കമ്പനിയിൽനിന്ന് വാങ്ങിയ പണത്തെ സംബന്ധിച്ച് നടപടികൾ സുതാര്യമാണെന്നു പറയുന്നവർക്ക് ഇക്കാര്യം പൊതുജനങ്ങൾക്കു മുന്നിൽ വെളിപ്പെടുത്താൻ ഉത്തരവാദിത്തമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വീണാ വിജയൻ സമർപ്പിച്ച ആദായനികുതി റിട്ടേണുകളിലോ ഭർത്താവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിലോ സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് വാങ്ങിയ പണത്തെ സംബന്ധിച്ചു വെളിപ്പെടുത്തിയിട്ടില്ലെന്ന് എംഎൽഎ പറഞ്ഞു. ഒന്നുകിൽ സത്യവാങ്മൂലം തെറ്റാണെന്ന് പറയണം അല്ലെങ്കിൽ പണം വാങ്ങിയില്ലെന്നു പറയണം.

വീണാ വിജയൻ 2016–17ൽ 8,25,708 രൂപയാണ് വരുമാനമായി ആദായനികുതി റിട്ടേണിൽ കാണിച്ചത്. 2017–18ൽ 10,42,864 രൂപയും 2018–19ൽ 22 ലക്ഷം രൂപയും 2019–20ൽ 30,72,841 രൂപയും വരുമാനമായി കാണിച്ചിട്ടുണ്ട്. സിഎംആർഎൽ കമ്പനിയിൽനിന്നു പണം വാങ്ങിയെങ്കിൽ എന്തുകൊണ്ട് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറഞ്ഞില്ലെന്നു വെളിപ്പെടുത്തണം. രാഷ്ട്രീയക്കാരുടെ മക്കൾക്കു ബിസിനസ് ചെയ്യാൻ പാടില്ല എന്ന നിലപാട് സ്വീകരിക്കുന്നില്ല. പക്ഷേ, ബിസിനസിന്റെ വിവരങ്ങൾ വെളിപ്പെടുത്തണം. ഇടപാടുകളിൽ ദുരൂഹത വന്ന സ്ഥിതിക്ക് ബിസിനസ് പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ പേര് പുറത്തുവിടാന്‍ വീണ തയാറാകണം. ജനങ്ങൾക്ക് വിവരങ്ങളറിയാൻ ആഗ്രഹമുണ്ട്. നിയമസഭയിൽ മൈക്ക് ഓഫ് ചെയ്തതുകൊണ്ടോ ഭീഷണിപ്പെടുത്തിയതുകൊണ്ടോ തന്നെ പിൻതിരിപ്പിക്കാൻ കഴിയില്ല. 

ഭയം കാരണമാണ് വീണാ വിജയന്റെ വിഷയം സഭയിൽ പ്രതിപക്ഷം ഉന്നയിക്കാത്തതെന്ന സിപിഎം നേതാവ് എ.കെ.ബാലന്റെ പ്രസ്താവന സിപിഎമ്മിൽ ഇപ്പോൾ നിലനിൽക്കുന്ന മാനസിക അവസ്ഥയാണ് കാണിക്കുന്നത്. സിപിഎം മുൻപ് ഭയപ്പെട്ടിരുന്നത് ജനങ്ങളെയാണ്. ഇപ്പോൾ ഭയപ്പെടുന്നത് പിണറായിയെയും. പിബി മുതൽ താഴോട്ട് എല്ലാവർക്കും പിണറായിയെ ഭയമാണ്. 

സിപിഎമ്മിനും സിപിഎം നേതാക്കൾക്കുമാണ് പിണറായിയെ ഭയം. സിപിഎമ്മിന്റെ അപചയമാണ് ഇതു കാണിക്കുന്നത്. മുഖ്യമന്ത്രിയോടു ചോദിക്കാനുള്ളത് മുഖത്തുനോക്കി ചോദിക്കും. പ്രതിപക്ഷത്തിനു മുഖ്യമന്ത്രിയെ ഭയമില്ല. സിഎംആർഎൽ വിഷയത്തിൽ സിപിഎം സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിലെ കൂടുതൽ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മകൾക്കുവേണ്ടിയാണെന്നും മുഖ്യമന്ത്രിക്കായി രണ്ടുവരി മാത്രമാണുള്ളതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Leave a Reply

Your email address will not be published.

jailer-rajnikanth Previous post ‘രജനിയുടെ വിളയാട്ടം’; 2023ലെ ഏറ്റവും വലിയ തമിഴ് ഓപ്പണറായി ജയിലര്‍
grow-vasu-fire-the-charm Next post ‘പോരാട്ടം കോടതിയോടല്ല, ഭരണകൂടത്തോട്’; ജാമ്യം വേണ്ട; ഗ്രോ വാസു ജയിലിൽ തുടരും