alcaholic-waethre

എന്താണ് ആൽക്കഹോളിക്ക് ലിവർ ഡിസീസ് ; മദ്യപാനംമൂലം കരൾരോഗം വരാൻ സാധ്യത ആർക്കൊക്കെ?; അറിയാം

മദ്യം മൂലമുള്ള കരൾരോഗത്തിന് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്.

ഒന്നാംഘട്ടം: ആൽക്കഹോളിക്ക് ഫാറ്റി ലിവർ 

90 ശതമാനം അമിത മദ്യപാനികളിലും ഫാറ്റി ലിവർ കാണപ്പെടുന്നു. കരളിൽ കൊഴുപ്പ് നിറയുന്ന ഘട്ടമാണിത്. കൊഴുപ്പ് നിറഞ്ഞ് കരൾ വീർത്തുവരുന്ന അവസ്ഥ മിക്കവാറും ഉണ്ടാകാറുണ്ട്. ഇതിനെ ഹെപ്പറ്റോമെഗാലി (Hepatomegaly)എന്ന് പറയുന്നു. നിർഭാഗ്യവശാൽ ആൽക്കഹോളിക്ക് ഫാറ്റി ലിവർ പൊതുവേ ഒരു ലക്ഷണവും കാണിക്കാറില്ല. മദ്യപാനം നിർത്തിയാൽ ഫാറ്റിലിവറിൽനിന്ന് മുക്തമാകാം എന്നുള്ളതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത.

രണ്ടാം ഘട്ടം:ആൽക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് 

കരൾവീക്കം ഉണ്ടാകുന്ന രണ്ടാമത്തെ ഘട്ടമാണിത്. ചെറിയ രീതിയിലുള്ള കരൾവീക്കം മരുന്നുകളിലൂടെ ഭേദമാക്കാമെങ്കിലും തീവ്രമായ ആൽക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് വളരെകൂടുതൽ മരണനിരക്ക് ഉണ്ടാക്കുന്ന അസുഖമാണ്. മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ, ഛർദി, അമിത ക്ഷീണം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗത്തിന്റെ തീവ്രത കൂടുതലാണെങ്കിൽ കരൾപരാജയം ഉണ്ടാവുകയും രക്തസ്രാവം, ബുദ്ധിസ്ഥിരതയിലെ വ്യതിയാനം, അബോധാവസ്ഥ തുടങ്ങിയ സങ്കീർണതകൾ ഉണ്ടാവുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്യാം. ചെറിയ കാലയളവിലുള്ള അമിതമദ്യപാനം (binge drinking) പലപ്പോഴും ആൽക്കഹോളിക്ക് ഹെപ്പറ്റൈറ്റിസിന് കാരണമാകാറുണ്ട്.

മൂന്നാംഘട്ടം: സിറോസിസ്

സിറോസിസ് എന്നാൽ ഘടനയിൽ വ്യത്യാസം വന്ന് ചുരുങ്ങി, പ്രവർത്തനക്ഷമത കുറഞ്ഞ കരൾ എന്നാണ് മനസ്സിലാക്കേണ്ടത്. കരളിലെ പ്രഷർ കൂടുന്നതിനാൽ കരളിലേക്ക് എത്തിച്ചേരുന്ന രക്തക്കുഴലുകളിലെയും പ്രഷർ കൂടുന്നു. അന്നനാളത്തിലെയും ആമാശയത്തിലെയും രക്തക്കുഴലുകളാണ് ഇതിൽ പ്രധാനം. അമിത പ്രഷർ കാരണം ഇവ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നു. ഇത് രക്തം ഛർദിക്കുന്നതിനും മലത്തിലൂടെ കറുപ്പ് നിറത്തിൽ രക്തം പോകുന്നതിനും കാരണമാകുന്നു. കൂടാതെ കരളിലെ പ്രഷറും ആൽബുമിന്റെ അഭാവവും കാരണം വയറ്റിലും, കാലിലും വെള്ളം നിറയുന്നു. വയറ്റിൽ വെള്ളം നിറയുന്നതിനെ അസൈറ്റിസ് (Ascites) എന്ന് പറയുന്നു. വിഷാംശങ്ങൾ നിർവീര്യമാക്കാൻ പറ്റാത്തതിനാൽ ഇവയുടെ അംശം തലച്ചോറിലേക്ക് എത്തി തലച്ചോറിന്റെ പ്രവർത്തനം അവതാളത്തിലാവുന്നു. ഇത് സ്വഭാവവ്യത്യാസം, ഉറക്കകൂടുതൽ, അമിത ദേഷ്യം, അബോധാവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. രക്തത്തിൽ ബിലിറൂബിൻ അളവ് കൂടുന്നതിനാൽ മഞ്ഞപ്പിത്തം ഉണ്ടാക്കുകയും, കണ്ണിനും ശരീരത്തിനും മഞ്ഞനിറം കാണപ്പെടുകയും ചെയ്യുന്നു. രക്തം കട്ടയാകാനുള്ള കഴിവ് കുറയുന്നതിനാൽ മോണയിൽനിന്നും മൂക്കിൽനിന്നും മൂത്രത്തിലൂടെയും രക്തസ്രാവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. സിറോസിസ് ബാധിച്ച കരളിലെ പ്രഷർ കൂടുന്നത് ഹൃദയം, വൃക്ക, ശ്വാസകോശംപോലുള്ള മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കാൻ ഇടയാക്കും. സിറോസിസ് ഉള്ള കരളിൽ കാൻസർ വരാനുളള സാധ്യതയും കൂടുതലാണ്.

മദ്യപാനംമൂലം കരൾരോഗം വരാൻ സാധ്യത കൂടുതൽ ആർക്കൊക്കെ ?

ഏത് അളവിലാണെങ്കിലും, ഏത് തരത്തിലുള മദ്യമാണെങ്കിലും അത് കരളിനും മറ്റ് അവയവങ്ങൾക്കും ഉപദ്രവകാരിയാണ്. മദ്യത്തിന്റെ അളവും മദ്യപാനത്തിന്റെ കാലയളവും കരൾരോഗത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കരളിനുണ്ടാക്കുന്ന അസുഖങ്ങളുടെ തീവ്രത മദ്യത്തിലെ കലർപ്പില്ലാത്ത ആൽക്കഹോളിന്റെ (Absolute Alcohol) അളവിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് 36 ശതമാനം വരെ ആൽക്കഹോളിന്റെ അംശമുള്ള ബീർ ഉണ്ടാക്കുന്നതിനെക്കാൾ ദോഷം 40 ശതമാനം ആൽക്കഹോൾ അംശമുള്ള വീര്യംകൂടിയ മദ്യം ഉണ്ടാക്കുന്നു. ഒരു ദിവസം ഏകദേശം 30 ഗ്രാം ആൽക്കഹോൾ എന്ന തോതിൽ മദ്യം കഴിക്കുന്നത് കരൾ രോഗത്തിന് വഴിയൊരുക്കുന്നു. എന്നാൽ ഈ അളവ് എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല. ഓരോരുത്തരുടെയും ജനിതകഘടനയനുസരിച്ച് മദ്യത്തോടുള്ള കരളിന്റെ പ്രതികരണം വ്യത്യാസപ്പെട്ടിരിക്കാം. അതിനാൽ ചെറിയ അളവ് മദ്യംപോലും കരളിന് ദോഷകരമായി ബാധിക്കാനുള്ള സാധ്യത കൂട്ടാം. ഇത് കൂടാതെ പ്രമേഹം, അമിത ബി.പി., കൊളസ്ട്രോൾ വ്യതിയാനങ്ങൾപോലുള്ള മറ്റ് അസുഖങ്ങളുടെ സാന്നിധ്യം, പുകവലി പോലുള്ള ദുശ്ശീലം എന്നിവ ഉണ്ടെങ്കിൽ മദ്യപാനികളിൽ കരൾ തകരാറിന് സാധ്യത കൂടുന്നു. സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് ചെറിയ അളവിലുള്ള മദ്യ ഉപയോഗം പോലും കരൾരോഗം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ചെറിയ കാലയളവിൽ വലിയ അളവിലുള്ള മദ്യപാനം (Binge drinking)കൂടുതൽ അപകടകാരിയാണ്.

ലോകാരോഗ്യസംഘടനയുടെ 2016ലെ കണക്കുകൾ പ്രകാരം മദ്യം കാരണമുള്ള മരണങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം (21.3%) ഉദര,കരൾ രോഗങ്ങൾക്കാണ്. (ഒന്നാം സ്ഥാനത്ത് അപകടമരണങ്ങളും) പാശ്ചാത്യരാജ്യങ്ങളിൽ സിറോസിസ് രോഗത്തിനുള്ള മുഖ്യകാരണം മദ്യമാണ്. ഇന്ത്യയിലെയും സ്ഥിതി മറിച്ചല്ല.

2005 മുതൽ 2016 വരെയുളള കാലയളവിൽ, മദ്യത്തിന്റെ ആളോഹരി ഉപഭോഗം ഇരട്ടിയായി മാറിയിരിക്കുന്നു. ഇന്ത്യയിലെ പല സെന്ററുകളിലെയും പഠനങ്ങൾ സൂചിപ്പിക്കുന്നത് മദ്യപാനമാണ്, ഇന്ത്യയിൽ സിറോസിസ് രോഗത്തിനുള്ള ഒന്നാമത്തെ കാരണം എന്നാണ് (30-70% വരെ). കേരളത്തിലേത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Leave a Reply

Your email address will not be published.

poojappura-central-jail.1.711722 Previous post തടവറയില്‍ നിന്ന് സ്വാതന്ത്ര്യം: 18 തടവുകാര്‍ ജയില്‍ മോചിതരാകും (എക്‌സ്‌ക്ലൂസീവ്)
jailer-rajnikanth Next post ‘രജനിയുടെ വിളയാട്ടം’; 2023ലെ ഏറ്റവും വലിയ തമിഴ് ഓപ്പണറായി ജയിലര്‍