
ശ്രീ പദ്മനാഭനും കൊലപാതക പരാതിയും
എ.എസ്. അജയ്‌ദേവ്
ഭരണപക്ഷത്തെ തോമസ് കെ. തോമസ് എം.എല്‍.എയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതാരാണ്. അതാണ് പ്രതിപക്ഷത്തിന് അറിയേണ്ടത്. എം. വിന്‍സെന്റാണ് തോമസ് എം. തോമസിന്റെ ജീവന് ഭീഷണിയുള്ള അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. പരാതിയില്‍ പോലീസ് ഫലപ്രദമായി അന്വേഷണം നടത്തുന്നില്ല. സഭയിലുള്ളവര്‍ക്ക് പോലും രക്ഷയില്ലാത്ത കാലം. കെ.കെ. രമയെയും തിരുവഞ്ചിയൂര്‍ രാധാകൃഷ്ണനെയും തട്ടിക്കളുമെന്നാണ് അജ്ഞാതരുടെ ഭീഷണി. ഇതിനെതിരേ പരാതി കൊടുത്ത തിരുവഞ്ചിയൂരിനെ വിളിച്ച് പോലീസ് പറഞ്ഞത്, കേസ് ക്ലോസ് ചെയ്യാന്‍ പോകുന്നുവെന്നാണ്. ആളെ ക്ലോസ് ചെയ്യാന്‍ പോകുന്ന കേസ് ക്ലോസ് ചെയ്യാന്‍ പോകുന്നുവെന്ന് പറയുന്ന പോലീസ് എന്തൊരു തോല്‍വിയാണ്. ഭരണപക്ഷ എം.എല്‍.എയോടുള്ള പ്രതിപക്ഷത്തിന്റെ സ്‌നേഹം എന്തുകൊണ്ടാണെന്ന് പരാതിക്കാരനായ തോമസ് കെ. തോമസിനു പോലും അറിയില്ല. തന്റെ പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ട്. പോലീസിന് പരാതി നല്‍കിയത് താന്‍ സ്വന്തമായാണ്. പോലീസില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും തോമസ് എം. തോമസ് നിയമസഭയില്‍ പറഞ്ഞതോടെ ആകെപ്പാടെ കണ്‍ഫ്യൂഷനായി. ശരിക്കും ഇവിടെ ആര്‍ക്കാണ് പ്രശ്‌നം. തന്നെ കൊല്ലാന്‍ ആരൊക്കെയോ നടക്കുന്നുവെന്ന് പറയുന്ന തോമസ് കെ. തോമസിന് ഒരു പ്രശ്‌നവുമില്ലെന്ന് പറയുന്നു. പക്ഷെ, ഗുരുതരമായ പ്രശ്‌നമുണ്ടെന്ന് പ്രതിപക്ഷം പറയുന്നു. എന്നാല്‍, ഇതിനെല്ലാം മറുപടിയുമായി മുഖ്യമന്ത്രി തന്നെ എഴുന്നേറ്റു. മുഖ്യമന്ത്രി തന്നെയാണല്ലോ പോലീസ് മന്ത്രിയും.

ആര് തെറ്റു ചെയ്താലും, അവരുടെ മുഖം നോക്കിയല്ല പോലീസ് ഇപ്പോള്‍ നടപടി എടുക്കുന്നത്. ശക്തമായ നടപടി ഉണ്ടാകും. തെറ്റ് ചെയ്തുവെന്ന അവസ്ഥയുണ്ടെങ്കില്‍ ശക്തമായ നടപടി തന്നെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകും. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. അത് എത്ര പ്രധാനപ്പെട്ട ആളായാലും. അതാണ് സ്വീകരിക്കുന്ന നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു നിര്‍ത്തി. ഇനി ഇറങ്ങിപ്പോക്കാണ്. അതിനു മുമ്പ് പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗമുണ്ട്. പോലീസ് മുഖം നോക്കി തന്നെയാണ് നടപടി എടുക്കുന്നത്. കൊലപാതകികളില്‍ നിന്നും രക്ഷയില്ലാത്ത കേരളത്തില്‍ ജീവിക്കുന്നതു തന്നെ ഭയന്നിട്ടാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഭരണപക്ഷ ബെഞ്ചില്‍ നിന്നും സതീശനെതിരേ ബഹളം വര്‍ദ്ധിച്ചു വന്നതോടെ സ്പീക്കര്‍ മുറി ഇംഗ്ലീഷിലും ബാക്കി മലയാളിത്തിലുമായി മിണ്ടാതിരിക്കാന്‍ നിര്‍ദ്ദേശിച്ചു. സുരക്ഷിതമല്ലാത്ത കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതാണെന്ന് ഉറപ്പിച്ചു പറഞ്ഞ സതീശനും പാര്‍ട്ടിയും വാക്കൗട്ട് നടത്തി. കുട്ടനാട്ടിലെ വരമ്പത്തു നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചുവെന്നത് ഗൗരവതരമായ ഭീഷണിയാണ്. ഇത് അന്വേഷിക്കാത്തതില്‍ പ്രതിഷേധിച്ച് കുഞ്ഞാലിക്കുട്ടി സാഹിബും പിന്നാലെ ഇറങ്ങിപ്പോയി. അതിനു പിന്നാലെ കെ.കെ രമയും, പി.ജെ ജോസഫും പോയതോടെ വാക്കൗട്ട് ശുഭം.

ഒരു കാര്യം ഉറപ്പാണ്. എന്‍.സി.പിയിലെ പടലപ്പിണക്കം കൊലപാതകത്തിലേക്ക് നീണ്ടകഥ, എല്ലാവരും മറച്ചുപിടിച്ചാണ് നിയമസഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. പതിവുപോലെ പ്രമേയം മുഖ്യമന്ത്രിയുടെ മറുപടിയോടെ സ്പീക്കര്‍ തള്ളിയെങ്കിലും, എന്തൊക്കെയോ ദുരൂഹതകള്‍ ചുറ്റിത്തിരിയുന്നുണ്ടെന്ന് സൂക്ഷ്മമായി വിലിരുത്തിയാല്‍ മനസ്സിലാകും. ഒന്നാമത്തെ ദുരൂഹത തോമസ് കെ. തോമസിനെ കൊല്ലാന്‍ ആരൊക്കെയോ ശ്രമിക്കുന്നു എന്നതു തന്നെയാണ്. പിണറായി വിജയനും സര്‍ക്കാരിനും തോമസ് കെ. തോമസിനെ അത്രയ്ക്ക് ഇഷ്ടമല്ലെന്നതാണ് രണ്ടാമത്തേത്. എ.കെ. ശശീന്ദന് മന്ത്രിയായിരിക്കണമെന്ന മോഹം തീര്‍ന്നിട്ടില്ല എന്നത് മൂന്നാമത്തേത്. പ്രതിപക്ഷത്തെക്കൊണ്ട് തോമസ് കെ. തോമസ് തന്നെയാണ് നിയമസഭയില്‍ ഇക്കാര്യം എത്തിച്ചതെന്നത് നാലാമത്തേത്. സമീപ ഭാവിയില്‍ത്തന്നെ ഏതെങ്കിലും എം.എല്‍.എമാരുടെ ജീവന്‍ നഷ്ടമായേക്കാമെന്ന ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ടെന്നത് അഞ്ചാമത്തേത്. കേരളം ഇതുവരെ കേരളം ആയിട്ടില്ല എന്നതാണ് കേരളത്തിന്റെ ഇപ്പോഴത്തെ വലിയ പ്രശ്‌നം. കേരളത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കേണ്ട ഗതികേടുണ്ടായി എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഡെല്‍ഹി തൊട്ട് ഇങ്ങ് തമിഴ്‌നാട് വരെയും, എന്തിന്, കേരളത്തില്‍പ്പോലും കേരള എന്നാണ് ഇപ്പോഴും പറയുന്നത്. ഇനി മുതലെങ്കിലും കേരളം എന്ന് പറയണമെന്നാണ് പ്രമേയം. ഭേദഗതികളില്ലാതെ പ്രമേയം പാസാക്കിയെങ്കിലും ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കണം. ഡെല്‍ഹിയിലെ ഗോസായിമാരും താക്കൂര്‍മാരും കേരളത്തെയും കേരളീയരെയും ഇപ്പോഴും വിളിക്കുന്നത് മദ്രാസി എന്നാണ്. അതു മറക്കണ്ട.

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷംകോടി സ്വത്ത് എക്‌സിബിഷന്‍ നടത്തി വരുമാനം ഉണ്ടാക്കണമെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായം. 2022ലെ-ശ്രീ പണ്ടാരവക ഭൂമികള്‍ (നിക്ഷിപ്തമാക്കലും ബന്ധവിമോചനവും) ഭേദഗതിബില്ലിന്‍മേലുള്ള ചര്‍ച്ചയിലാണ് കടകംപള്ളിയുടെ ഈ അഭിപ്രായം. സാമാന്യം തെറ്റില്ലാത്ത അഭിപ്രായമാണെന്നേ പറയാനുള്ളൂ. കാരണം, അദ്ദേഹത്തിന്റെ മണ്ഡലത്തിലൂടെ ഒരു പെണ്‍കുട്ടി വിവസ്ത്രയായി ജീവനുംകൊണ്ടോടിയ ഒരു സംഭവം ഓര്‍മ്മയുണ്ടല്ലോ അല്ലേ. നേരം വെളുക്കും വരെ ലൈംഗീകമായി പീഡിപ്പിച്ച ആ പ്രതിയുടെ പശ്ചാത്തലം തേടി പോയാല്‍ മനസ്സിലാകും എല്ലാം. മറ്റൊരു യുവതിയുമായുള്ള മൊബൈല്‍ സംഭാഷണ ശകലങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നുണ്ട്. എക്‌സിബിഷനിസം ഒരു ഹോബിയായതു കൊണ്ട് ദൈവത്തിന്റെ സ്വത്തുക്കളും എക്‌സിബിറ്റ് ചെയ്യണമെന്ന് കടകംപള്ളി പറയുന്നതില്‍ തെറ്റില്ല. പക്ഷെ, വാശി പിടിക്കരുത്.

പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ വര്‍ഷാസനം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കുന്നതിനും പുതുക്കി നിശ്ചയിക്കുന്നതിനു വേണ്ടിയാണ് റവന്യൂ വകുപ്പ് ബില്ലില്‍ ഭേദഗതി കൊണ്ടുവരുന്നത്. നിലവില്‍ 58,500 രൂപയാണ് നല്‍കി വരുന്നത്. അത് മൂന്നിരട്ടിയാക്കി 1,75,500 രൂപ നല്‍കാന്‍ തീരുമാനിക്കുന്നതിനാണ്. നിധി ശേഖരം എക്‌സിബിഷന്‍ നടത്തുന്നതിന് ഒരു പ്രൊപ്പോസല്‍ കഴിഞ്ഞ സര്‍ക്കാര്‍ വെച്ചിരുന്നു. എന്നാല്‍, രാജകുടുംബ അതിനെ എതിര്‍ത്തതാണ് ആ പദ്ധതി നടപ്പാക്കാന്‍ കഴിയാതെ പോയതെന്ന് കടകംപള്ളി സുരേന്ദ്രന്‍. സഭയുടെ പൊതുവായിട്ടുള്ള വികാരം തിരുവിതാംകൂര്‍ രാജകുടുംബത്തെ അറിയിക്കണം. ഒരു അഭ്യര്‍ത്ഥനയായി വെയ്ക്കാം. നിധി ശേഖറം കാണാനെത്തുന്നവരും അതിലൂടെ കിട്ടുന്ന പണവും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം നടത്താന്‍ ഉപയോഗിക്കാമെന്നാണ് കടകംപള്ളിയുടെ മോഹം. പ്രളയ ഫണ്ട് തട്ടിപ്പു തൊട്ട് സ്വര്‍മ്ണക്കടത്തും ലൈഫ് മിഷന്‍ കോഴയുമെല്ലാം അറിഞ്ഞു വെച്ചു കൊണ്ട് ആരെങ്കിലും പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ നിധി എടുത്തു പുറത്തുവെയ്ക്കാന്‍ തയ്യാറാകുമോ. കുറുക്കന്റെ കയ്യില്‍ കോഴിയെ സൂക്ഷിക്കാന്‍ കൊടുക്കുന്നതു പോലെയല്ലേ അത്. ഒന്നാലോചിച്ചു നോക്കൂ.

വിശ്വസം ഒരു ടൂറിസമാണോ. പില്‍ഗ്രിം ടൂറിസം എന്നതു തന്നെ അത്തരമൊരു സംവിധാനമല്ലേയെന്ന് തിരുവഞ്ചിയൂരിന്റെ സംശയം ന്യായമാണ്. വിശ്വാസികളെ വിശ്വാസത്തിന്റെ പേരില്‍ത്തന്നെ പറ്റിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല എന്നാണ് തിരുവഞ്ചിയൂരിന്റെ മതം. കേരളം കടമെടുത്ത് കടമെടുത്ത് കടങ്കഥപോലെ ആകുമോയെന്നാണ് തിരുവഞ്ചിയുരിന്റെ മറ്റൊരു പ്രശ്‌നം. സ്വര്‍ണ്ണം അനധികൃതമായി കച്ചവടം നടത്തുന്നവരെ പിടിക്കാന്‍ ധനവകുപ്പ് പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്ന് കെ.എന്‍. ബാലഗോപാലിന്റെ ഉറപ്പ് നിയമസഭ കേട്ടു. കേട്ടപാതി കേക്കാത്ത പാതി എല്ലാവരും ഞെട്ടി. യു.എ.ഇ കോണ്‍സുലേറ്റു വഴി സ്വര്‍ണ്ണം കടത്തിയെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് ഞെട്ടലിനു പിന്നില്‍. ബാലഗോപാലും ധനകാര്യ സംഘവും സ്വര്‍ണ്ണക്കടത്തുകാരെ പിടികൂടാനിറങ്ങുമ്പോള്‍ തലയില്‍ മുണ്ടിട്ടു നില്‍ക്കുന്നവര്‍ ആരൊക്കെയാണെന്ന് സ്വപ്‌നം കണ്ട് പൊട്ടിച്ചിരിച്ചവര്‍ക്കെതിരേ ആരും കേസെടുക്കരുത്. എന്നാല്‍, കേരളമാകെ നശിച്ചു മുടിഞ്ഞ തറവാടാണെന്ന് പ്രതിപക്ഷം പറയുമ്പോള്‍ തിരുവഞ്ചൂര്‍ എന്ന സ്ഥലം മുടിഞ്ഞിട്ടുണ്ടോ, ചെന്നിത്തല മുടിഞ്ഞിട്ടുണ്ടോ…ഇല്ലല്ലോ. അപ്പോള്‍ കേരളം മുടിഞ്ഞിട്ടില്ല എന്നത് മനസ്സിലാക്കണമെന്നും ബാലഗോപാലിന്റെ വാക്കു കേട്ട് പ്രതിപക്ഷം ഒന്നടങ്ങി. പുതുപ്പള്ളി പള്ളിസെമിത്തേരിയില്‍ അന്തിയുറങ്ങുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തില്‍ ഉഫതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിയമസഭയിലെ വാക്കേറ്റവും വയ്യാവേലികളും ഇന്ന് നിര്‍ത്തും. താത്ക്കാലികമായിട്ടാണെങ്കിലും സെപ്തംബര്‍ 17ന് വീണ്ടും ആരംഭിക്കും.
അന്ന് വീണ്ടും ആരംഭിക്കുമ്പോള്‍ പുതുപ്പള്ളിയില്‍ നിന്നുള്ള എം.എല്‍.എയുടെ സത്യപ്രതിജ്ഞയും നടക്കും. അതാരാണെന്നു മാത്രമേ അറിയാനുള്ളൂ. നിയമസഭയും നിയമ നിര്‍മ്മാണവും ഇനിയും ഉണ്ടാകും. ചര്‍ച്ചകളും ഇറങ്ങിപ്പോക്കും ഇനിയും വരും. വരുന്നതൊന്നും വഴിയില്‍ തങ്ങാത്തിടത്തോളം വീണ്ടും സന്ധിക്കും വരെ വണക്കം.