
മാവേലിക്കര അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ല; പൊട്ടിത്തെറിച്ചത് ഇൻഹെയ്ലറും മൊബൈലുമാകാമെന്ന് അന്വേഷണ സംഘം
മാവേലിക്കരയിൽ കാർ കത്തി യുവാവ് മരിച്ച സംഭവത്തിൽ അപകടകാരണം തേടി പൊലീസ്. മരിച്ച കൃഷ്ണപ്രകാശ് ശ്വാസതടസത്തിന് ചികിത്സ തേടിയിരുന്നതിനാൽ ഇൻഹെയിലറുകൾ കാറിൽ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോ അപകടത്തിന് പിന്നിലെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇൻഹെയിലറുകൾ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതിനൊപ്പം കൃഷ്ണപ്രകാശിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടല്ല അപകടത്തിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനം പരിശോധിച്ച ഫോറൻസിക് സംഘം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് ഉടൻ കൈമാറും. ഫ്യൂസ് യൂണിറ്റിലോ ബാറ്ററി ടെർമിനലിലോ തകരാറില്ലെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു.
ഞായറാഴ്ച രാത്രി 12.45ഓടെയാണ് കണ്ടിയൂരിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റുംകാട്ടിൽ കൃഷ്ണപ്രകാശ് (കണ്ണൻ-35) കാർ തീപിടിച്ച് മരിക്കാനിടയായത്. തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തി അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണ് തീയണച്ചത്. അപ്പോഴേക്കും കൃഷ്ണപ്രകാശ് മരിച്ചിരുന്നു.