
നിറത്തിൻറെ പേരിൽ ഭാര്യയുടെ നിരന്തര പരിഹാസം; ക്രൂരതയെന്ന് കർണാടക ഹൈക്കോടതി
നിറത്തിൻറെ പേരിൽ ഒരു വ്യക്തിയെ അപമാനിക്കുന്നത് ക്രൂരതയെന്ന് കർണാടക ഹൈക്കോടതി. കറുത്ത നിറത്തിൻറെ പേരിൽ ഭാര്യ തന്നെ നിരന്തരം കളിയാക്കുന്നുവെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടുമുള്ള യുവാവിൻറെ ഹരജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്. കേസിൽ കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു.
കുടുംബ കോടതി വിവാഹമോചനം അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. നിറത്തിൻറെ പേരിൽ ഭർത്താവിനെ ഭാര്യ നിരന്തരം അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് സബ് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഇതു മറച്ചുവയ്ക്കാനാണ് യുവതി ഭർത്താവിനെതിരെ അവിഹിത ബന്ധം ആരോപിച്ചതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് തികച്ചും ക്രൂരതയാണെന്ന് അഭിപ്രായപ്പെട്ട കോടതി കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
2007ലാണ് ദമ്പതികൾ വിവാഹിതരാകുന്നത്. 2012ൽ വിവാഹമോചനം തേടി ഭർത്താവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. 2017 ജനുവരി 13ന് സാധാരണ കുടുംബപ്രശ്‌നമാണെന്ന് പറഞ്ഞ് കോടതി കേസ് റദ്ദാക്കി. വിവാഹശേഷം ഭാര്യ തന്നെ നിരന്തരം ആക്ഷേപിക്കുകയായിരുന്നുവെന്ന് ഭർത്താവിൻറെ ഹരജിയിൽ പറയുന്നു. തൻറെ തൊഴിലുടമയോട് പോലും ഭാര്യ പരാതിപ്പെട്ടിരുന്നു. താൻ ഒരുപാട് കഷ്ടപ്പെടുകയും വിഷാദാവസ്ഥയിലാവുകയും ചെയ്തുവെന്നും യുവാവ് പറയുന്നു. എന്നാൽ തൻറെ ഭർത്താവിന് അവിഹിതബന്ധമുണ്ടെന്നും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നുമായിരുന്നു ഭാര്യയുടെ വാദം. മാത്രമല്ല ഭർത്താവ് തന്നോട് പരുഷമായിട്ടാണ് പെരുമാറുന്നതെന്നും വീട്ടിൽ നിന്നും പുറത്തുപോകാനോ വൈകി വീട്ടിലെത്താനോ അനുവദിച്ചില്ലെന്നും ആരോപിക്കുന്നു.