
ലക്ഷദ്വീപിൽ എല്ലായിടത്തും മദ്യം ലഭ്യമാക്കാനൊരുങ്ങി ഭരണകൂടം; കരട് ബില്ല് പുറത്തിറക്കി, പ്രതിഷേധവുമായി ദ്വീപ് നിവാസികൾ
സമ്പൂര്‍ണ മദ്യനിരോധനമുള്ള ലക്ഷദ്വീപിൽ എല്ലായിടത്തും മദ്യം ലഭ്യമാക്കാനുള്ള കരട് ബില്ല് ഭരണകൂടം പുറത്തിറക്കി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ എക്‌സൈസ് റെഗുലേഷന്‍ 2022 എന്ന പേരിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. കരടിൽ 30 ദിവസത്തിനുള്ളിൽ പൊതുജനം അഭിപ്രായം അറിയിക്കണമെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഡോ. ആർ ഗിരിശങ്കർ ആവശ്യപ്പെട്ടു. ബിൽ നിലവിൽ വന്നാൽ 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതാവും.
നിലവിലുള്ള എക്‌സൈസ് റെഗുലേഷനില്‍ മാറ്റം വരുത്താനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എക്സൈസ് കമ്മീഷണറെ നിയമിക്കൽ, എക്സൈസ് വകുപ്പ് രൂപവത്കരിക്കൽ, മദ്യനിർമാണം, സംഭരണം, വിൽപ്പന തുടങ്ങിയവയ്ക്ക് ലൈസൻസ് നൽകൽ, നികുതിഘടന, വ്യാജമദ്യവിൽപ്പനയ്ക്കുള്ള ശിക്ഷ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുള്ള വിശദമായ ചട്ടങ്ങളാണ് കരടുബില്ലിലുള്ളത്.
വിനോദ സഞ്ചാരത്തിന് പേരുകേട്ട ലക്ഷദ്വീപിലെ ബങ്കാരം ദ്വീപിൽ ടൂറിസ്റ്റുകള്‍ക്ക് മാത്രമാണ് ഇപ്പോൾ മദ്യം ലഭ്യമാകുന്നത്. അതേസമയം മുസ്ലിം സമുദായക്കാർ മാത്രം താമസിക്കുന്ന ദ്വീപിൽ ടൂറിസത്തിന്റെ പേരില്‍ മദ്യം സുലഭമാക്കാനൊരുങ്ങുന്ന ഭരണകൂടത്തിന്ർറെ നടപടിക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ദ്വീപിന്റെ സംസ്കാരം തകർക്കാനാണ് ഭരണകൂടത്തിന്റെ നീക്കമെന്നും, മദ്യ നയത്തിനെതിരെയുള്ള പൊതുജനാഭിപ്രായം ദ്വീപുകാർ ഏകപക്ഷീയമായി രേഖപെടുത്തുമെന്നും ഡിസിസി പ്രസിഡന്റ് എംഐ ആറ്റക്കോയ പറഞ്ഞു.