
യുവതിയെ കാലിൽ സിറിഞ്ച് കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മരുമകനെ സംശയമില്ലെന്ന് സ്നേഹയുടെ പിതാവ് സുരേഷ്
പരുമല ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെ കാലിൽ സിറിഞ്ച് കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവ് അരുണിനെ സംശയമില്ലെന്ന് സ്നേഹയുടെ പിതാവ് സുരേഷ്. അനുഷ അരുണിന്റെ സുഹൃത്താണെന്നു മാത്രമേ അറിയാവൂ എന്നും സുരേഷ് വ്യക്തമാക്കി. അതേസമയം, കൊലപാതക ശ്രമം ആസുത്രിതമാണെന്നു വ്യക്തമായതായി പൊലീസ് അറിയിച്ചു.
‘‘അരുണിനെ വിളിച്ച് എവിടെയുണ്ടെന്നു ചോദിച്ചിരുന്നു. കുഞ്ഞിനെയും അമ്മയെയും വന്നു കാണണമെന്നു പറഞ്ഞാണു വിളിച്ചത്. അരുൺ പുറത്തുപോയതിനു ശേഷമാണ് അനുഷ അകത്തേക്കു കയറുന്നത്. അനുഷയുടെ രണ്ടാമത്തെ വിവാഹത്തിന് അരുണിനെ ക്ഷണിച്ചിരുന്നു. സ്നേഹയ്ക്ക് ഒപ്പം തന്നെയാണ് അരുൺ അനുഷയുടെ വിവാഹത്തിനു പോയത്. തട്ടമിട്ടതിനാലാണു മനസ്സിലാകാതെ പോയത്. ഒരിക്കൽ അനുഷയുടെ വിവാഹത്തിനു കണ്ട പരിചയം മാത്രമാണ് സ്നേഹയ്ക്കുള്ളത്. വിവാഹത്തിനു പങ്കെടുത്തെന്നു മാത്രമേയുള്ളൂ. പെട്ടെന്ന് ആളെ മനസ്സിലായില്ല. തട്ടമിടുകയും മാസ്ക് വയ്ക്കുകയും ചെയ്തിരുന്നു’’– സ്നേഹയുടെ പിതാവ് സുരേഷ് വ്യക്തമാക്കി.
സ്നേഹയെ പ്രതി മൂന്നുതവണ കുത്തിവയ്ക്കാൻ ശ്രമിച്ചു. നഴ്സിന്റെ കോട്ടും സിറിഞ്ച് കയ്യിൽ കരുതിയുമാണ് അനുഷ എത്തിയത്. എയർ എംബോളിസം എന്നതിലൂടെ സ്നേഹയെ കൊലപ്പെടുത്താനാണു ശ്രമിച്ചതെന്നാണ് സൂചന. മൂന്നോ നാലോ തവണ കാലി സിറിഞ്ച് കുത്തിവച്ചാൽ മാത്രമേ ഇതു ഫലപ്രദമാകൂ എന്ന നിഗമനത്തിലാണ് അനുഷ കുറ്റകൃത്യം ചെയ്യാനായി ശ്രമിച്ചത്. 120 മില്ലി വലിപ്പമുള്ള സിറിഞ്ചായിരുന്നു. മൂന്നുതവണ കുത്തുകയും ചെയ്തു. മുൻപ് അനുഷ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലിചെയ്തിരുന്നു.