
നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാൻ ശ്രമിച്ചു; ഭർത്താവിന്റെ പെൺസുഹൃത്ത് പിടിയിൽ
നഴ്സിന്റെ വേഷം ധരിച്ചെത്തി പ്രസവിച്ചുകിടന്ന യുവതിയെ കുത്തിവെച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കായംകുളം സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ (25) കൊലപ്പെടുത്താൽ ശ്രമിച്ച അനുഷ (25)യാണ് പോലീസിന്റെ പിടിയിലായത്. സ്നേഹയുടെ ഭർത്താവ് അരുണിന്റെ സുഹൃത്താണ് ഈ യുവതി.
ഒരാഴ്ച മുൻപാണ് സ്നേഹയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ സ്നേഹയെ ഡിസ്ചാർജ് ചെയ്തു. എന്നാൽ നിറം മാറ്റം ഉള്ളതിനാൽ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തിരുന്നില്ല. ഇതോടെ സ്നേഹയും മാതാവും മുറിയിൽ തന്നെ കഴിയുകയായിരുന്നു..
ഇന്നലെ വൈകിട്ട് അഞ്ചരയോടെ നഴ്സിന്റെ ഓവർക്കോട്ട് ധരിച്ചെത്തിയ യുവതി ഇവരുടെ മുറിയിലെത്തി കുത്തിവയ്പ്പെടുക്കണമെന്ന് പറഞ്ഞു. ഡിസ്ചാർജ് ചെയ്തതല്ലേ ഇനി എന്തിനാണ് കുത്തിവയ്പെന്ന് യുവതിയുടെ അമ്മ ചോദിച്ചു. ഒരു കുത്തിവയ്പ്പു കൂടി ഉണ്ടെന്നു പറഞ്ഞ് സ്നേഹയുടെ കയ്യിൽ പിടിച്ച് സിറിഞ്ച് കൊണ്ടു കുത്താൻ ശ്രമിച്ചു. എന്നാൽ സിറിഞ്ചിൽ മരുന്ന് ഉണ്ടായിരുന്നില്ല.
ഈ സമയം മാതാവ് ബഹളം ഉണ്ടാക്കുകയും, ആശുപത്രി ജീവനക്കാർ ഓടിയെത്തി യുവതിയെ പിടിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. അവരെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.