
ചാർട്ടർ വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തി വിരാട് കോലി; ഇരട്ടത്താപ്പാണെന്ന് ആരാധകർ, വൻ വിമർശനം
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം കരീബിയനിൽ നിന്ന് ചാര്‍ട്ടർ വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തി വിരാട് കോലി. വിമാന യാത്രയുടെ ചിത്രം കോലി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഗ്ലോബൽ എയർ ചാർട്ടർ സർവീസസാണ് കോലിക്കായി വിമാനം ഒരുക്കിയത്. എന്നാൽ നാട്ടിലേക്കെത്തിയ കോലിക്കെതിരെ വിമർശനം ശക്തമാവുകയാണ്.ചാര്‍ട്ടർ വിമാനങ്ങൾ കാരണം പുറന്തള്ളുന്ന കാർബണിന്റെ കണക്കു നിരത്തിയാണ് ട്വിറ്ററിൽ കോലിക്കെതിരായ വിമർശനം ഉയർന്നത്. കോലിയുടേത് ഇരട്ടത്താപ്പാണെന്നും ചില ആരാധകർ വാദിച്ചു. ദീപാവലിക്ക് പടക്കം കത്തിക്കരുതെന്ന് ആഹ്വാനം ചെയ്ത കോലിയാണ് കാർബൺ പുറന്തള്ളലിന്റെ ഭാഗമാകുന്നതെന്നുമാണ് വിമർശനം.വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഏകദിന പരമ്പരയിൽ ആദ്യ മത്സരത്തിൽ മാത്രമാണു കോലി കളിച്ചത്. എന്നാൽ ഇതിൽ ബാറ്റു ചെയ്തതുമില്ല. ഏകദിന ലോകകപ്പ് അടുത്തു വരുന്നതിനാൽ ബെഞ്ചിലുള്ള താരങ്ങള്‍ക്കു കൂടി അവസരം നൽകാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതോടെയാണ് കോലിയെയും ക്യാപ്റ്റൻ രോഹിത് ശർമയെയും ടീമിൽനിന്നു പുറത്തിരുത്തിയത്.