
ഉമ്മന്‍ചാണ്ടി വിശുദ്ധനോ?. കല്ലറകാണാന്‍ തീര്‍ഥയാത്ര, ടൂര്‍ പാക്കേജ്
ഇന്ത്യയില്‍ ആദ്യമായി ഒരു അല്‍മായന് വേണ്ടി ഓര്‍ത്തഡോക്‌സ് സഭ പാരമ്പര്യം ലംഘിക്കുമോ
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്ക് തീര്‍ഥാടന യാത്രയുടെ ടൂര്‍ പാക്കേജ് പ്രഖ്യാപിച്ച് ട്രാവല്‍ ഏജന്‍സി. ആറ്റിങ്ങലിലെ വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് പതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്ക് തീര്‍ത്ഥയാത്ര സംഘടിപ്പിക്കുന്നത്. 500 രൂപയാണ് യാത്രാനിരക്ക്. നാളെയാണ് ആദ്യ സംഘം പുതുപ്പള്ളിക്ക് പുറപ്പെടുക.
ഇതോടെ, ദൈവവും ശാസ്ത്രവും തമ്മിലുള്ള എ.എന്‍ ഷംസീറിന്റെ മിത്ത് വിവാദങ്ങള്‍ക്കിടയില്‍ ഉമ്മന്‍ചാണ്ടിയും മലയാളികളുടെ മനസ്സില്‍ നിറയുകയാണ്. ഉമ്മന്‍ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ക്രിസ്തീയ സഭ എന്തു തീരുമാനമെടുത്താലും, മലയാളികള്‍ക്ക് ഉമ്മന്‍ചാണ്ടി മാനുഷിക മുഖമുള്ള വിശുദ്ധന്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്ക് ഒഴുകിയെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത്. ഇതാണ് ടൂര്‍ പാക്കേജ് പ്രഖ്യാപിക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത്. ആറ്റിങ്ങലിലെ വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ എസ്. പ്രശാന്തന്‍ തന്നെയാണ് തീര്‍ഥാടന യാത്രാ പാക്കേജിന്റെ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് പ്രശാന്തന്‍ പറയുന്നു.

ആ കുറിപ്പ് ഇങ്ങനെയാണ്:
”ശ്രീ ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനു ശേഷം ഒരു ദിവസം ഞാന്‍ തീര്‍ഥാടകരുമായി കോട്ടയത്ത് നാലമ്പല ദര്‍ശനത്തിനു പോയിരുന്നു. മടക്കയാത്ര പുതുപ്പള്ളി വഴിയായിരുന്നു. അവിടെയെത്തിയപ്പോള്‍ രാത്രി പത്തുമണി കഴിഞ്ഞിരുന്നു. അപ്പോഴും അവിടെ പള്ളിക്കു മുന്നില്‍ വലിയ തിരക്ക്. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനെത്തിയവരുെട എണ്ണം കണ്ട് അതിശയിച്ചുപോയി. ഞങ്ങളും അവിടെയിറങ്ങി. അരമണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് കല്ലറ സന്ദര്‍ശിക്കാന്‍ സാധിച്ചത്. പള്ളിയങ്കണത്തില്‍ അനുഭവപ്പെട്ട ആത്മീയ അന്തരീക്ഷവും ശാന്തതയും അന്നത്തെ യാത്രയില്‍ ഉണ്ടായിരുന്ന എല്ലാവരെയും ആകര്‍ഷിച്ചു. പല മതങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളിലും വിശ്വസിക്കുന്നവര്‍ ആ യാത്രാ സംഘത്തിലുണ്ടായിരുന്നു. അവര്‍ക്കെല്ലാം പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്കു മുന്നില്‍ ചെലവഴിച്ച നിമിഷങ്ങള്‍ മറക്കാനാവാത്തതാണെന്നു പറഞ്ഞിരുന്നു. എടത്വ-മലയാറ്റൂര്‍-ഭരണങ്ങാനം യാത്രാ പാക്കേജില്‍ പുതുപ്പള്ളിയും ഉള്‍പ്പെടുത്താനുള്ള ആലോചന അന്നു തന്നെയുണ്ടായിരുന്നു. അടുത്ത ദിവസം തന്നെ പുതുപ്പള്ളി പാക്കേജിനെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചു. മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പ്രശാന്തന്‍ പറയുന്നു.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. സംസ്‌കാരത്തിന് ശേഷവും പ്രിയനേതാവിന്റെ കല്ലറയിലെത്തി മെഴുകുതിരികള്‍ തെളിയിക്കാനും പൂക്കള്‍ അര്‍പ്പിക്കാനും നിരവധി പേരാണ് പുതുപ്പള്ളി പള്ളിയിലേക്ക് എത്തുന്നത്. ഇതോടെയാണ് ഉമ്മന്‍ചാണ്ടിയെ ഓര്‍ത്തഡോക്‌സ് സഭ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം ആരംഭിച്ചത്. ഇന്ത്യയിലെ ഓര്‍ത്തഡോക്‌സ് സഭയില്‍ അല്‍മായര്‍ക്ക് വിശുദ്ധപദവി നല്‍കിയ പാരമ്പര്യമില്ല എന്നതാണ് വാസ്തവം. അതേസമയം, അത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഒന്നല്ലെന്നും ഓര്‍ത്തഡോക്‌സ് സഭ സീനിയര്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത് മരിച്ച് ഒരു മാസത്തിനുള്ളില്‍ നടക്കുന്ന ഒന്നല്ല.

വളരെ വിശുദ്ധരായ സഭയുടെ പിതാക്കന്മാരെ തന്നെ അവര്‍ കാലം ചെയ്ത ശേഷം പത്തുനാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവരെ വിശുദ്ധ പദവിയിലേക്ക് പരിഗണിക്കുന്ന പ്രക്രിയ തന്നെ ആരംഭിക്കാറുള്ളത്. അത് കൊണ്ട് തന്നെ ഇത് പെട്ടെന്ന് ചെയ്യാനാകുന്ന ഒരു കാര്യമല്ല. അതേസമയം വിശ്വാസികളുടെ മനസില്‍ ഇപ്പോള്‍ നടക്കുന്നത് പോലെ പുതിയ തരംഗങ്ങള്‍ ഉണ്ടായി അവരുടെ മനസില്‍ ഇതുപോലുള്ള ചിന്തകള്‍ ഉണ്ടാകുകയും ചെയ്യുന്നതിനെ അവരുടെ തലത്തില്‍ ആദരവോടെ കൈകാര്യം ചെയ്യുന്ന പതിവുണ്ട്. അതിനെ ആരും നിഷേധിക്കാറില്ല. പക്ഷെ ഔദ്യോഗികമായ ഒരു അംഗീകാരം നല്‍കുന്ന നീണ്ട പ്രൊസസിന് ശേഷമാണ്. വിശുദ്ധ പദവിയിലേക്ക് പരിഗണിക്കുന്നയാളിന്റെ ജീവിതത്തിലെ പോസിറ്റീവും നെഗറ്റീവുമായിട്ടുള്ള കാര്യങ്ങളെ കുറിച്ചുള്ള വിശദമായ പഠനം വേണം. അവരുടെ ജീവതത്തിലുണ്ടായ നൈര്‍മല്യത്തെ കുറിച്ച് ഉള്‍ക്കൊള്ളാന്‍ സാധിക്കണം. ചില അത്ഭുതങ്ങള്‍ നടന്നതായിട്ട് തെളിവുകള്‍ വേണം. പൊതുസമൂഹത്തിലെ ജനവികാരം യഥാര്‍ഥമാണോ എന്നറിയണം. പരോക്ഷമായി അദ്ദേഹത്തിന്റെ നന്‍മയില്‍ നിന്ന് വ്യത്യസ്തമായി തിന്മകളും പരാജയങ്ങളും പോരായ്മകളും പാപങ്ങളും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെ കുറിച്ച് ഒരു പഠനം നടത്തി ശരിയായി മനസിലാക്കിയ ശേഷമാണ് വിശുദ്ധനായി ഉയര്‍ത്തുന്ന പ്രോസസിലേക്ക് കടക്കുക.

അതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ച് ശേഖരിക്കുന്ന തെളിവുകള്‍ക്ക് പിന്നിലെ വാസ്തവം പരിശോധിക്കും. വികാരപരമായോ വ്യക്തിപരമായോ രാഷ്ട്രീയപരമോ ആയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യമല്ല വിശുദ്ധ പദവി. ഇന്ത്യയിലെ ഓര്‍ത്തഡോക്‌സ് സഭയില്‍ ഇതുവരെ അത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ മറ്റ് സ്ഥലങ്ങളിലെ ഓര്‍ത്തഡോക്‌സ് സഭകളില്‍ അല്‍മായരെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ കത്തോലിക്ക സഭയില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്, മദര്‍ തെരേസയെ വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ വിശുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഓര്‍ത്തഡോക്‌സ് സഭ ഉമ്മന്‍ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഇപ്പോള്‍ തന്നെ പലരുടെയും മനസ്സില്‍ അദ്ദേഹത്തിന് വിശുദ്ധന്റെ പരിവേഷം തന്നെയാണ്. ഓരോ ദിവസവും പുതുപ്പള്ളി പള്ളിമുറ്റത്തെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്ക് ഒഴുകിയെത്തുന്ന ആലംബമില്ലാത്ത ആയിരങ്ങളാണ് അതിന് സാക്ഷ്യം.