kb-ganesh-kumar-shamseer-

ഗണപതി വിരുദ്ധ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സ്പീക്കര്‍ കസേര നഷ്ടപ്പെടും; ആശങ്കയില്‍ ഷംസീര്‍

ഗണപതി വിരുദ്ധ പരാമര്‍ശത്തില്‍ സ്പീക്കര്‍ ഷംസിറിനെ തള്ളി ഗണേഷ് കുമാര്‍ എം.എല്‍.എ. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ അനുസരിക്കുമെന്ന് ഗണേഷ് കുമാര്‍ എം എല്‍ എ പ്രതികരിച്ചതോടെ കൂടുതല്‍ പേര്‍ ഷംസീറിനോട് അകലം പാലിക്കുകയാണ്. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡംഗമായ ഗണേഷ് കുമാര്‍ ഷംസീറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. മന്ത്രി മുഹമ്മദ് റിയാസിന്റെ ശക്തനായ വിമര്‍ശകന്‍ കൂടിയാണ് ഗണേഷ് കുമാര്‍ എം.എല്‍.എ. ഇടതുമുന്നണി യോഗത്തില്‍ റിയാസിന്റെ പൊതുമരാമത്ത് വകുപ്പിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഗണേഷ് കുമാര്‍ ഉന്നയിച്ചിരുന്നു. ഗണേഷിന്റെ ചുവടുപിടിച്ച് ഷംസീറും എം.എല്‍.എമാരുടെ യോഗത്തില്‍ റിയാസിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഷംസീറിന്റെ ഗണപതി വിരുദ്ധ പരാമര്‍ശത്തില്‍ ഗണേഷ്‌കുമാര്‍ എതിര്‍ചേരിയില്‍ ആയതിന്റെ സന്തോഷത്തിലാണ് റിയാസ് ക്യാമ്പ്. കൊടിയേരി പറഞ്ഞതു കൊണ്ട് മാത്രമാണ് പിണറായി ഷംസിറിന് സ്പീക്കര്‍ കസേര നല്‍കിയത്.

കസേരയിലെത്തിയ ഷംസീര്‍ നിഷ്പക്ഷ പരിവേഷം അണിഞ്ഞ് നിയമസഭയില്‍ പിണറായിയെ വെട്ടിലാക്കി കയ്യടി നേടി. സഹിക്കെട്ട് പിണറായി ഷംസീറിന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഷംസീര്‍ ഒന്നടങ്ങിയത്. നിഷ്പക്ഷ പരിവേഷം അഴിച്ച് വച്ച് പഴയ ഡി വൈ എഫ് ഐ ക്കാരന്റെ റോളിലേക്ക് ഷംസീര്‍ മാറുന്നതാണ് കഴിഞ്ഞ നിയമസഭ സമ്മേളനം സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷത്തിന്റെ വിമര്‍ശന ശരമേറ്റ് മുഖം കുനിച്ച് ഇളിഭ്യനായി നിയമസഭയില്‍ ഷംസിറിന് ഇരിക്കേണ്ടി വന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നിയമസഭ നേരത്തെ പിരിച്ചു വിട്ട് ഷംസീര്‍ തടിതപ്പി. നിയമസഭ സമ്മേളനം അടുത്ത ആഴ്ച തുടങ്ങാന്‍ പോകുമ്പോള്‍ ഗണപതി വിരുദ്ധ പരാമര്‍ശത്തിന്റെ കരിനിഴലിലായി ഷംസീര്‍. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഷംസിറിന് കവചം ഒരുക്കിയെങ്കിലും പിണറായി ഷംസിറിനെ പ്രതിരോധിക്കാന്‍ ഇതുവരെ രംഗത്തിറങ്ങിയിട്ടില്ല. ലോകസഭ തെരഞ്ഞെടുപ്പ് കയ്യെത്തും ദൂരത്ത് നില്‍ക്കുമ്പോള്‍ വിവാദ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്ന അഭിപ്രായം ഇടതുമുന്നണിയിലും ഉയരുന്നു. ഷംസീര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന നിര്‍ദ്ദേശം പിണറായി ഉയര്‍ത്തിയാലും അല്‍ഭുതപ്പെടേണ്ട. വിഘ്നേശ്വരന്‍ ആണ് ഗണപതി.

ഷംസിറിന്റെ ഗണപതി വിരുദ്ധ പരാമര്‍ശം വരു ദിവസങ്ങളില്‍ ഇടതുമുന്നണിക്ക് രാഷ്ട്രീയമായി വിഘ്നം ഉണ്ടാക്കും എന്നാണ് ഷംസിറിനെ തള്ളി സുകുമാരന്‍ നായര്‍ പറഞ്ഞത് അനുസരിക്കും എന്ന ഗണേഷ് കുമാറിന്റെ പ്രതികരണം. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രമെന്നായിരുന്നു ഷംസിറിന്റെ വിവാദ പരാമര്‍ശം. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ഇതൊക്കെ വെറും മിത്തുകളാന്നെന്നും ഷംസീര്‍ പറഞ്ഞിരുന്നു. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാത്ത ഷം സിറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 2 ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എന്‍. എസ്. എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആഹ്വാനം ചെയ്തു. അന്നേ ദിവസം എല്ലാ എന്‍ എസ് എസ് പ്രവര്‍ത്തകരും ഗണപതി ക്ഷേത്രത്തില്‍ വഴിപാട് നടത്തണമെന്നാണ് സുകുമാരന്‍ നായരുടെ തിട്ടൂരം .

Leave a Reply

Your email address will not be published.

image-im.vijayan-umman-chandi- Previous post വിജയാ, വാ, കയറിയിരിക്ക്..’ശരിക്കും ഞെട്ടിപ്പോയി
nss-yathra-road-naamajapa-khoshayaathra Next post ഗതാഗത തടസ്സം; എൻഎസ്എസിന്റെ നാമജപ യാത്രയ്‌ക്കെതിരെ സ്വമേധയാ കേസ് എടുത്ത് പോലീസ്