suresh-gopi-chandhini-aluva

ചാന്ദ്‌നിയുടെ കുടുംബത്തെ ചേര്‍ത്തു പിടിച്ച് സുൂപ്പര്‍സ്റ്റാര്‍

മാസ് എന്‍ട്രിയുമായി സുരേഷ്‌ഗോപി, വീടു വെയ്ക്കാന്‍ അഞ്ചു ലക്ഷം രൂപ നല്‍കും

സിനിമയിലും ജീവിതത്തിലും സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തിനപ്പുറം മറ്റൊരു വേഷവും ചേരില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ ക്രൂരവും മൃഗീയവുമായ കൊലപാതകം, അതുണ്ടാക്കിയ ഹൃദയ വേദനയില്‍ ആ കുടുംബത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണ് അദ്ദേഹം. നിസ്സഹായരായിപ്പോയ മലയാളികള്‍ക്കു വേണ്ടി നടന്‍ സുരേഷ്‌ഗോപി ആ കുടുംബത്തിന് ഒരു വീടു വെയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണിപ്പോള്‍. ആ കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ വേണ്ടി മരിച്ചുപോയ തന്റെ മകളുടെ പേരില്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷംരൂപ ആശ്വാസ ധനസഹായമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷ്‌ഗോപിയുടെ അഞ്ചു ലക്ഷം രൂപയുടെ പ്രഖ്യാപനമെന്നതാണ് പ്രത്യേകത.

സര്‍ക്കാര്‍ സഹായം അപര്യാപ്തമാണെന്ന് ആര്‍ക്കും മനസ്സിലാകും. അതുകൊണ്ടാണ് സുരേഷ്‌ഗോപി 5 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത്. ചാന്ദ്‌നിയുടെ കുടുംബത്തിന് വീടുവെയ്ക്കാന്‍ സഹായിക്കുന്നവരുടെ കൂട്ടായ്മ നടത്തുന്ന ഇടപെടല്‍ നല്ലതാണെന്നും, ഇത് തുടരണമെന്നും പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപിയുടെ സഹാ ഹസ്തം ആലുവയിലേക്ക് നീണ്ടിരിക്കുന്നത്. ചലച്ചിത്ര താരങ്ങള്‍ എത്രയോപേരുണ്ട്. എന്തുകൊണ്ടാണ് സുരേഷ്‌ഗോപിക്ക് മാത്രാം ഇങ്ങനെയൊരു സഹായം നല്‍കാന്‍ തോന്നുന്നത് എന്നാണ് അതിശയം. രാഷ്ട്രീയത്തിനപ്പുറം മാനുഷികത വെച്ചുപുലര്‍ത്തുന്ന ഒരു വ്യക്തി കൂടിയാണ് കേരളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍. നിരന്തരം സമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് സമയം കണ്ടെത്തുന്ന താരം കൂടിയാണ് സുരേഷ്‌ഗോപി. എന്നാല്‍, വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കുന്നുണ്ടോയെന്ന സംശയമുള്ളവരും കുറവല്ല.

എന്നാല്‍, വാഗ്ദാനങ്ങള്‍ പരമാവധി പാലിക്കാന്‍ മനസ്സു കാണിക്കുന്ന ആളാണ് സുരേഷ്‌ഗോപിയെന്ന് മധ്യമ പ്രവര്‍ത്തകര്‍ക്കു തന്നെ നേരിട്ട് ബോധ്യമുള്ളതാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജനിച്ച കൂടില്ലാവീട് ഏറ്റെടുക്കാന്‍ സഹായിച്ചത് സുരേഷ് ഗോപിയാണ്. അതിന്റെ പുനരുദ്ധാരണത്തിനും, സംരക്ഷണത്തിനുമായി പത്ത് ലക്ഷം രൂപയാണ് ചെലവഴിച്ചത്. കൂടില്ലാവീട് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ കീഴില്‍ ചരിത്ര സ്മാരകമായി ഇപ്പഴും നിലകൊള്ളുന്നുണ്ട്. ഈ ഉദാഹരണം ഒന്നു മാത്രം മതി, സുരേഷ്‌ഗോപിയുടെ സാമൂഹിക ഇടപെടല്‍ മനസ്സിലാക്കാന്‍. മയക്കുമരുന്നിനടിമയായ പ്രതിയുടെ കുത്തേറ്റ് അതിദാരുണമായി മരണപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്റെ കുടുംബത്തിനെ കാണാനെത്തിയതും, വന്ദനയുടെ അച്ഛനമ്മമാരെ ആശ്വസിപ്പിച്ചതും മറ്റൊരു സംഭവമാണ്. ഒരു സ്വകാര്യ ചാനലിന്റെ കോടിപടി പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ നിരാലമ്പരായ എത്രയോ പേര്‍ക്കാണ് അദ്ദേഹം സ്വന്തം പണം നല്‍കിയ സഹായിച്ചത്. ആളായും, അര്‍ത്ഥമായുമൊക്കെ നിരവധിപേരെ ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ടെന്നത് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. അതുപോലെയാണ് ആലുവയിലെ കുരുന്നിന്റെ കുടുംബത്തെയും സഹായിക്കാന്‍ ഉറപ്പിച്ചിറങ്ങിയതും.


1990കളുടെ തുടക്കം മുതലാണ് ജീവിതത്തിലെ മനുഷ്യത്വ മുഖമുള്ള സുരേഷ് ഗോപി മലയാള സിനിമയിലെ നായകനായി മാറിയത്. 1992ല്‍ ഇറങ്ങിയ തലസ്ഥാനം എന്ന സിനിമ വന്‍വിജയം നേടിയതോടെ, സുരേഷ് ഗോപി നായക പദവിയിലേക്ക് ഉയര്‍ന്നു. അദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം പിന്നീട് സൂപ്പര്‍ഹിറ്റുകളായി. കമ്മീഷണര്‍ എന്ന സിനിമയുടെ വിജയത്തോടെ സുരേഷ് ഗോപി സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നു. മലയാള സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം ആ വിശേഷണം ലഭിക്കുന്ന മൂന്നാമത്തെ താരമായി സുരേഷ് ഗോപി മാറി. പോലീസ് വേഷങ്ങളിലുള്ള സുരേഷ് ഗോപിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു മലയാള സിനിമയില്‍ അദ്ദേഹത്തെ പ്രശസ്തനാക്കിയ ഒരു ഘടകം. 2016-ല്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം സിനിമയില്‍ നിന്ന് ഒഴിവായി നിന്നു. അതേസമയം, താരത്തെ മുന്‍നിര്‍ത്തി കേരളത്തില്‍ കരുത്ത് കൂട്ടണമെന്ന ബിജെപി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, സുരേഷ്‌ഗോപി അതിന് എത്രകണ്ട് സമ്മതം നല്‍കുമെന്നത് ആര്‍ക്കും പറയാനാകില്ല. എങ്കിലും മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സുരേഷ്‌ഗോപിക്ക് രാഷ്ട്രീയം തടസ്സമാകില്ലെന്നാണ് ആരാധകരുടെ നിലപാട്. അതുതന്നെയാണ് അതിഥി തൊഴിലാളി കുടുംബത്തിനോടും സുരേഷ് ഗോപി കാണിച്ചിരിക്കുന്നത്.
ആലുവയിലെ കുഞ്ഞിന്റെ കുടുംബം ഇനി അടച്ചറപ്പുള്ള വീട്ടില്‍ കിടക്കേണ്ടത് മലയാളികളുടെ കൂടെ ആവശ്യമാണ്. കാരണം, അവരുടെ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടത് കേരളത്തില്‍ വെച്ചാണ്. സുരക്ഷ, എന്നത് എന്താണെന്ന് മലയാളിക്ക് മനസ്സിലാക്കാന്‍ കൂടി ഈ സംഭവം ഉപകരിക്കുമെന്നതില്‍ തര്‍ക്കമില്ല. കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒരു സംഭവമായിരുന്നു ആലുവയില്‍ അഞ്ച് വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്ന് കേട്ടപ്പോള്‍ തന്നെ മലയാളികള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ ഷെയര്‍ ചെയ്തു വിവരം പരമാവധി ആളുകളില്‍ എത്തിച്ചെങ്കിലും എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചുകൊണ്ടാണ് തൊട്ടടുത്ത ദിവസം ആ വാര്‍ത്ത എത്തിയത്.

അസ്ഫഖ് ആസം ആലം എന്ന കൊടും കുറ്റവാളിയായ നീചനെ വെട്ടിനുറുക്കി ചുട്ടുചാമ്പലാക്കിയാലും തീരാത്ത പകയാണ് ഓരോ കേരളീയനുമുള്ളത്. എന്നാല്‍, നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നതു കൊണ്ടു മാത്രം ആത്മനിയന്ത്രണം പാലിച്ചു പോരുകയാണ് ഓരോരുത്തരും. കേരളമാകെ ആ കുരുന്നിന്റെ ചേതനയറ്റ ശരീരവും, അതനുഭവിച്ച വേദനയും ഓര്‍ത്ത് മനസ്സ് വിങ്ങുന്നുണ്ടായിരുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ആ കുടുംബത്തോടും ആ കുഞ്ഞിനോടും കേരളം മാപ്പിരന്നു. സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്നത് ‘മകളേ മാപ്പ്’ എന്ന ഹാഷ് ടാഗോടു കൂടിയ ഫോട്ടോയായിരുന്നു. കുഞ്ഞിനെ കാണാതിയിട്ട് 21 മണിക്കൂര്‍ തെരച്ചില്‍ നടത്തിയെന്ന് വീരവാദം പറഞ്ഞ്, കഴിവുകേടിനെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച രാഷ്ട്രീയ പാപ്പരത്തം കേരളംകണ്ടു.
സംസ്ഥാന സര്‍ക്കാര്‍ കുടുംബത്തിന് നല്‍കിയ ധനസഹായം കുറഞ്ഞുപോയതിന് എതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത്രയും വലിയയൊരു നഷ്ടം ആ കുടുംബത്തിന് കേരളത്തില്‍ വന്നപ്പോള്‍ ഉണ്ടായപ്പോള്‍, അതിഥി തൊഴലാളികള്‍ എന്ന് മുഖ്യമന്ത്രി പോലും പറയാറുള്ളവര്‍ക്ക് കുറഞ്ഞ ധനസഹായം നല്‍കിയത് പലരെയും പ്രതികരിക്കാന്‍ ഇടയാക്കിയത്. സര്‍ക്കാര്‍ കൈവിട്ട കുടുംബത്തിന് സുരേഷ് ഗോപി കൈതാങ്ങായെന്നും നല്ല പ്രവര്‍ത്തി ആണെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം കേസില്‍ പ്രതിയായ അസഫാക്ക് ആലത്തിനെ പത്ത് ദിവസത്തേക്ക് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. 2018ലും സമാനമായ ഒരു പോക്സോ കേസില്‍ ഡല്‍ഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

sea-food-export Previous post മുതൽ മുടക്ക് 150 കോടി രൂപ;<br>ലുലു ഗ്രൂപ്പിൻ്റെ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം<br>ഉദ്ഘാടനം ആഗസ്തിൽ
major-ravi-ganapathy-temple-god-salim-kumar Next post ‘എൻറെ മതത്തിൽ കയറി,എൻറെ വിശ്വാസത്തെ ചൊറിയാൻ നിങ്ങളാരാ ഹെ, എന്താ നിങ്ങൾ നിങ്ങളുടെ മതത്തെ കുറിച്ച് പറയാത്തത്?’ ; മേജർ രവി