
ഗണപതി പരാമർശം വർഗീയ വാദികൾക്ക് അവസരം ഒരുക്കി; സ്പീക്കര്‍ പ്രസ്താവന തിരുത്തണമെന്ന് വി ഡി സതീശന്
സ്പീക്കറുടെ ഗണപതി പരാമര്‍ശം വര്‍ഗീയവാദികള്‍ക്ക് അവസരം ഒരുക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വര്‍ഗീയ വാദികളും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നവരും ചാടി വീഴാന്‍ അവസരം കാത്തിരിക്കുകയാണ്. പ്രസ്താവന വന്നതിന് ശേഷം കൈവെട്ടും കാലുവെട്ടും തുടങ്ങി സ്ഥിരം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ വിഷയത്തെ ആളികത്തിച്ചു. സ്പീക്കർ പ്രസ്താവന തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് ബഹുസ്വരത സംഗമത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. വിവിധ മതവിഭാഗങ്ങളുടെ ആചാരക്രമങ്ങള്‍, വിശ്വാസങ്ങള്‍, വ്യക്തി നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലേക്ക് സര്‍ക്കാരോ കോടതികളോ ഇടപെടാന്‍ പാടില്ല എന്നാണ് തന്റെ നിലപാട്. ചരിത്ര സത്യം പോലെ വിശ്വാസ സത്യവുമുണ്ട്. ശാസ്ത്രബോധത്തെ മതവിശ്വാസവുമായി കൂട്ടികുഴക്കേണ്ട കാര്യമില്ല. പരസ്പര ബഹുമാനത്തോടെ വിശ്വാസങ്ങളെ കാണണം. വിശ്വാസങ്ങളെ ഹനിക്കേണ്ടതില്ലെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.കേരളം ഭരിക്കുന്ന സിപിഐഎം വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യുമെന്നാണ് കരുതിയെങ്കിലും എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവനയാണ് സിപിഐഎം നടത്തിയത്. എല്ലാവരും ഭിന്നിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുഡിഎഫ് എല്ലാവരേയും ഒന്നിപ്പിക്കാനാണ് ശ്രമിച്ചത്. സ്പീക്കര്‍ക്ക് ജാഗ്രത കാട്ടാമായിരുന്നു. അദ്ദേഹം പ്രസ്താവന തീരുത്തണം. ഭരണഘടനാ പദവി നിര്‍വഹിക്കുന്നവര്‍ ജാഗ്രത കാണിക്കണമെന്നും വി ഡി സതീശന് വ്യക്തമാക്കി.