
സ്പീക്കറുടേത് ചങ്കിൽ തറയ്ക്കുന്ന പ്രസ്താവന; മാപ്പു പറയണം: എൻഎസ്എസ്
സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്നും അതിൽ വിട്ടു വീഴ്ചയില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാദേവക്ഷേത്ര ദർശനത്തിന് എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കർ ഹൈന്ദവ ജനതയോടു മാപ്പു പറയണമെന്നു വീണ്ടും ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ മറ്റു ഹിന്ദു സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും ചേർന്നു പ്രവർത്തിക്കും. ശാസ്ത്രമല്ല വിശ്വാസമാണു വലുതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ പ്രസ്താവനയ്ക്ക് എതിരെ ഇന്ന് എല്ലാ കരയോഗങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയാണ്. ഗണപതി ക്ഷേത്രത്തിലെത്തി പ്രാർഥിക്കണമെന്നാണു കരയോഗങ്ങൾക്ക് ഇന്നലെ നൽകിയ സർക്കുലറിൽ പറയുന്നത്.
‘ഭഗവാന്മാരുടെ ആയിക്കോട്ടെ മനുഷ്യരുടെ ആയിക്കോട്ടെ ഏതു സംരംഭം തുടങ്ങിയാലും അതിനു പ്രാരംഭം കുറിക്കുന്ന ഒരു മഹാ വിശ്വാസമാണിത്. സർക്കാരിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന, അസംബ്ലിയുടെ സ്പീക്കർ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ അതിനെതിരെ പ്രതികരിച്ചത് നാം ആരാധിക്കുന്ന ഈശ്വരനെ അങ്ങേയറ്റം അധിക്ഷേപിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടുമാണ്. അത് ഞങ്ങടെ ചങ്കിന് തറച്ചിരിക്കുകയാണ്. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും മാർഗമില്ല. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിച്ചു കൊണ്ട് എല്ലാവരോടും സഹവർത്തിത്വത്തോടു കൂടി ഒരു മതവിഭാഗത്തെയും വിമർശിക്കാതെ അവർക്കുള്ള ആരാധനാ സ്വാതന്ത്ര്യം എല്ലാം ശരിവച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ഒരു പാരമ്പര്യമാണ് ഹൈന്ദവന്റേത്. മാത്രമല്ല ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടയാൾ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഇത്ര നിന്ദവും നീചവുമായി നമ്മൾ ആരാധിക്കുന്ന ഈശ്വരനെ അപമാനിക്കാൻ ശ്രമിച്ചാൽ എല്ലാ തരത്തിലും വിട്ടുവീഴ്ചയില്ലാത്ത എതിർപ്പിനെ അവർ നേരിടേണ്ടി വരും. അതിനുള്ള തുടക്കമാണ് ഇത്. ഹിന്ദു സംഘടനകൾ, ആർഎസ്എസ്, ബിജെപി, രാഷ്ട്രീയ പാർട്ടികൾ എല്ലാംതന്നെ ഇതിനെതിരെ വളരെ സജീവമായി രംഗത്തുവന്നിട്ടുണ്ട്. അവരോടൊപ്പം എൻഎസ്എസും വളരെ സജീവമായി യോജിച്ച് പ്രവർത്തിക്കും. കാരണം ഇത് വിശ്വാസത്തിന്റെ കാര്യമാണ്.
ശബരിമല വിഷയത്തിൽ അതിന്റെ തുടക്കം മുതൽ അവസാനം വരെ അതിന്റെ വിജയത്തിലെത്തിക്കാൻ മുന്നിൽ നിന്ന പ്രസ്ഥാനമാണ് നായർ സർവീസ് സൊസൈറ്റി. അതും വിശ്വാസത്തിന്റെ ഇതിലാണ് അങ്ങനെയൊരു നിലപാടെടുത്തത്. ഇതും അങ്ങനെയൊരു നിലപാടെടുത്തിരിക്കുകയാണ്. അതിന്റെ സൂചനയെന്നോണം ഇന്ന്, ഓഗസ്റ്റ് 2 വിശ്വാസസംരക്ഷണ ദിനമായി കേരളം മുഴുവൻ ആചരിക്കുകയാണ്. യാതൊരു പ്രകോപനവുമുണ്ടാക്കാതെ അവനവന്റെ വിശ്വാസത്തെ മുറുക്കിപ്പിടിച്ചുകൊണ്ട്, അവരവരുടെ പ്രദേശത്ത് ഏറ്റവും അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ രാവിലെ കൂടുകയും ഭഗവാനെ പ്രാർഥിക്കുകയും വഴിപാടുകൾ നടത്തുകയും ഇതിനു വേണ്ട ശക്തി ഞങ്ങൾക്ക് തരണേ എന്ന് ഭഗവാനോട് പറയുകയും ചെയ്യുക എന്നുള്ളതാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം . അതിന്റെ തുടക്കം ഇവിടെ കുറിച്ചു കഴിഞ്ഞു.
കേരളം മുഴുവൻ ഇതേ തരത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും അതുപോലെമറ്റു തരത്തിലും സംഘടനാ ഓഫിസുകൾ കേന്ദ്രീകരിച്ചും ഈ പരിപാടി നടക്കും. അതിനുശേഷം ഇനിയുള്ള കാര്യങ്ങൾ എന്തുവേണമെന്ന് തീരുമാനിക്കും. ഞാൻ സ്പീക്കർ രാജിവയ്ക്കണമെന്ന് ഒന്നും പറഞ്ഞില്ല. അതൊക്കെ മാധ്യമസൃഷ്ടിയോ അല്ലെങ്കിൽ മറ്റേതെങ്കിലും സൃഷ്ടിയോ ആണ്. ഇത്രയും മോശമായ രീതിയിൽ സംസാരിച്ച ജനപ്രതിനിധികളുടെ ജനപ്രതിനിധി ആ സ്ഥാനത്ത് തുടരാൻ അർഹനല്ല എന്നു ഞാൻ പറഞ്ഞു, അല്ലാതെ രാജിവയ്ക്കാൻ പറഞ്ഞില്ല. ഹൈന്ദവ വിശ്വാസികളോട് മാപ്പു പറഞ്ഞുകൊണ്ട് ഇതിൽ നിന്നും രക്ഷപ്പെടാനാണ് അവരോട് ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാത്ത പക്ഷം സർക്കാർ ഈ വികാരത്തെ മാനിച്ചുകൊണ്ട് ആവശ്യമായ മേൽ നടപടി സ്വീകരിക്കണമെന്നുമാണ് പറഞ്ഞത്. അതായത് ഹൈന്ദവ ജനതയോട് മാപ്പു പറയണമെന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ല. എനിക്ക് അബദ്ധം പറ്റി എന്ന് സമ്മതിച്ചു കൊണ്ട് മാപ്പു പറയണം.’–സുകുമാരൻ നായർ പറഞ്ഞു.
എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളും ഇന്നു രാവിലെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെത്തി വഴിപാടുകൾ നടത്തുകയും വിശ്വാസ സംരക്ഷണത്തിനായി പ്രാർഥിക്കുകയും ചെയ്യണമെന്നു നിർദേശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ എല്ലാ കരയോഗങ്ങൾക്കും സർക്കുലർ നൽകിയിരുന്നു. വിശ്വാസ സംരക്ഷണദിനാചരണത്തിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ ഒരു നടപടിയും ഉണ്ടാകരുതെന്നും സർക്കുലറിൽ പറയുന്നു.
തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചിനാണ് പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി വരെയുള്ള നാമജപ ഘോഷയാത്ര. അതേസമയം വിവാദ പരാമർശം നടത്തിയെന്ന ആരോപണം നേരിടുന്ന സ്പീക്കർ എ.എൻ.ഷംസീർ ഇന്ന് മാധ്യമങ്ങളെ കാണും.
ഹൈന്ദവ ആരാധനാമൂർത്തിയായ ഗണപതിയെ സംബന്ധിച്ച് സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ പരാമർശം പിൻവലിച്ചു മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സർക്കാരിന്റെ ഭാഗത്തുനിന്നു നടപടി ഉണ്ടാകണമെന്നും കഴിഞ്ഞ ദിവസം എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എൻഎസ്എസിന്റെ ആവശ്യത്തെ നിസ്സാരവൽക്കരിച്ചുള്ള നിലപാടാണു സിപിഎമ്മിൽ നിന്നടക്കം ഉണ്ടായത്. ഇതോടെയാണു വിഷയത്തിൽ നിലപാടു കടുപ്പിച്ച് എൻഎസ്എസ് മുന്നോട്ടുപോകുന്നത്.