
ഒഡിഷ ട്രെയിന്‍ അപകടം: ഇനിയും തിരിച്ചറിയാതെ 29 മൃതദേഹങ്ങള്‍
ഒഡീഷയിൽ ട്രെയിന്‍ അപകടമുണ്ടായ സ്ഥലത്തുനിന്നും വീണ്ടെടുത്ത മൃതദേഹങ്ങളിൽ 29 എണ്ണം ഇനിയും തിരിച്ചറിഞ്ഞില്ല. ഈ മൃതദേഹങ്ങൾ ഭുവനേശ്വറിലെ എയിംസിൽ അഞ്ച് കണ്ടെയ്‌നറുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ഇവയിൽ കൂടുതലും തിരിച്ചറിയാനാകാത്തതും അവകാശികളില്ലാത്തതുമാണ്. അതേസമയം ഇതുവരെ 113 മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. “ഡല്‍ഹി സിഎഫ്എസ്എല്ലില്‍ നിന്നും അവസാന ഡിഎന്‍എ സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇതിന് ശേഷം തിരിച്ചറിയുന്ന മൃതദേഹങ്ങൾ കൈമാറും. തുടർന്നും അവകാശികളെത്താത്ത മൃതദേഹങ്ങൾ ഉണ്ടെങ്കിൽ അവ സംസ്കരിക്കും. അവകാശികളില്ലാത്ത അവശേഷിക്കുന്ന മൃതദേഹങ്ങൾ എന്തുചെയ്യണമെന്ന് കേന്ദ്ര സർക്കാരും ഒഡീഷ സർക്കാരും തീരുമാനിക്കും”- എയിംസ് സൂപ്രണ്ട് പ്രൊഫ ദിലീപ് കുമാർ പരിദ പറഞ്ഞു. ജൂണ്‍ രണ്ടിന് ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 295 പേരായിരുന്നു മരിച്ചത്.ആകെ മൂന്ന് ട്രെയിനുകളാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ അപകടത്തിൽപ്പെട്ടത്. ഷാലിമറില്‍ നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത- ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസാണ് ആദ്യം ഗുഡ്‌സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റി. ഇതിലേക്ക് അടുത്ത ട്രാക്കിലൂടെയെത്തിയ ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് അപകടത്തിന്റെ തീവ്രത വര്‍ധിച്ചത്.