
താമിറിന്റേത് കസ്റ്റഡി മരണമെന്ന് തെളിയിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരമാസകലം മർദനമേറ്റ പാടുകള്‍
താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരമാസകലം 13 പരുക്കുകളും, മര്‍ദനമേറ്റ പാടുകളുമുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി മരണം തന്നെയാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.താമിറിനെ കസ്റ്റഡിയിലെടുത്തത് നിയമാനുസൃതമായിട്ടല്ലെന്ന് ചില ഇന്റലിജന്‍സ് വിവരങ്ങളും സൂചിപ്പിക്കുന്നുണ്ട്. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നീ ഭാഗങ്ങളിലെല്ലാം മര്‍ദനമേറ്റിട്ടുണ്ട്. ലാത്തി ഉപയോഗിച്ചാണ് താമിറിന് മര്‍ദനമേറ്റതെന്ന സംശയവും ബലപ്പെടുകയാണ്.ലഹരിയുമായി താമിര്‍ ജിഫ്രി അടക്കമുള്ള പ്രതികളെ തിങ്കളാഴ്ച്ച വൈകുന്നേരം 3:30 നാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് രാത്രി 1:45നാണ് ഇവരെ താനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അതുവരെ പൊലീസ് ക്വട്ടേഴ്സില്‍ പാര്‍പ്പിച്ചു മര്‍ദിച്ചെന്ന ആരോപണവും ശക്തമാണ്. താനൂര്‍ കസ്റ്റഡി മരണത്തില്‍ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണവും നടക്കുകയാണ്.