
കേരളത്തിലെ അതിഥി തൊഴിലാളികളുടെ കണക്കെടുക്കാനൊരുങ്ങി പോലീസ്
കേരളത്തിലെ മുഴുവൻ അതിഥി തൊഴിലാളികളുടെ കണക്കെടുക്കാനൊരുങ്ങി പൊലീസ്. ഇതിനായി ഓരോ സ്റ്റേഷൻ പരിധിയിലുമുള്ള അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കും. ജില്ലാ പൊലീസ് മേധാവിമാർ ഇതിന് നേതൃത്വം നൽകും. ആലുവയിൽ അഞ്ചുവയസുകാരിയെ അതിഥി തൊഴിലാളി കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടി.ഇന്ന് ചേർന്ന എസ്.പിമാരുടെ യോഗത്തിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാറാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. കേരളത്തിൽ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന നിയമം പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. ഇത് വേഗത്തിലാക്കുമെന്നാണ് പുതിയ നടപടി സൂചന നൽകുന്നത്.