
അസ്ഫാഖിന് വധശിക്ഷ, ആളൂര്‍ വക്കീല്‍
വേട്ടക്കാരനായാലും ഇരയായാലും നീതിക്കു വേണ്ടി എന്നെ സമീപിക്കുന്ന ആദ്യത്തെ വ്യക്തിക്കൊപ്പം ഞാനുണ്ടാകും.
ആലുവയില്‍ അഞ്ചുവയസുകാരി ചാന്ദ്‌നി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിക്കു വേണ്ടി വാദിക്കില്ലെന്ന് അഭിഭാഷകന്‍ ബി.എ ആളൂര്‍. ഈ കേസില്‍ കുട്ടിക്കും കുടുംബത്തിനും പ്രോസിക്യൂഷനും ഒപ്പം നില്‍ക്കും. പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ കാപാലികന് ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോരാടുമെന്നും ആളൂര്‍ പറയുന്നു.

എന്നാല്‍, നീതിക്കു വേണ്ടി സമീപിക്കുന്ന ആദ്യത്തെ വ്യക്തിക്കൊപ്പമായിരിക്കും താനുണ്ടാവുക. ആലുവ കേസിലെ പ്രതി തന്നെ ഇതുവരെ സമീപിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലും വാര്‍ത്തയിലുമെല്ലാം താന്‍ പ്രതിക്കു വേണ്ടി ഹാജരാകുമെന്നു പറയുന്നതെല്ലാം തെറ്റാണ്. അതും പറഞ്ഞു ഭീഷണിയുണ്ട്. ഈ കേസില്‍ വാദിക്കൊപ്പം നില്‍ക്കുമെന്നും ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബി.എ ആളൂര്‍ പറഞ്ഞു. ”പ്രോസിക്യൂഷനൊപ്പം നിന്നു പിഞ്ചുകുട്ടിയെ പിച്ചിച്ചീന്തിയ കാപാലികന് ഏറ്റവും വലിയ ശിക്ഷയായ തൂക്കുമരം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരുപാട് സംഘടനകളും വ്യക്തികളും സമീപിച്ചിട്ടുണ്ട്.

അതുകൊണ്ട് ഈ കേസില്‍ നീതി നടപ്പാക്കാന്‍ കുട്ടിക്കും കുടുംബത്തിനും പ്രോസിക്യൂഷനും ഒപ്പമായിരിക്കും. പ്രതിയായ അസ്ഫാഖ് ആലമിനെതിരെ എപ്പോഴും സര്‍ക്കാരിനൊപ്പം നിന്നു പോരാടും.” പോക്സോ കേസിന്റെ പരിധിയില്‍പ്പെട്ട കുട്ടിയെ ബലാത്സംഗം ചെയ്താല്‍ തന്നെ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തൂക്കുമരമാണ്. ബലാത്സംഗം ചെയ്യുന്നത് 12 വയസിനു താഴെയുള്ള കുട്ടിയെയാണെങ്കില്‍ തൂക്കുമരം ലഭിക്കും. ഈ കേസില്‍ ബലാത്സംഗവും കഴിഞ്ഞ് കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത്. ഈ സംഭവത്തില്‍ അതിഥി തൊഴിലാളി കുടുംബത്തെ സംരക്ഷിക്കാന്‍ സാധിക്കാതെ പോയി. അതുകൊണ്ട് പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണം. എന്നാല്‍, ഈ കേസില്‍ പ്രതിയാണ് തന്നെ ആദ്യം സമീപിച്ചതെങ്കില്‍ കുട്ടിയുടെ കേസ് ഏറ്റെടുക്കുമായിരുന്നില്ലെന്നും ആളൂര്‍ പറഞ്ഞു. അതേസമയം, തന്റെ അടുത്ത് ആദ്യം എത്തുന്നവരുടെ വക്കാലത്ത് ഏറ്റെടുക്കുന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം വെളിപ്പെടുത്തി. അതു വാദിയും പ്രതിയുമാകാം. എന്നാല്‍, 80 ശതമാനം കേസുകളും പ്രതിഭാഗത്തു നിന്നുള്ളതാണ്.

നീതിക്കു വേണ്ടി എന്നെ സമീപിക്കുന്ന ആദ്യത്തെ വ്യക്തിക്കൊപ്പം ഞാനുണ്ടാകും. ആദ്യം സമീപിക്കുന്നത് വേട്ടക്കാരനാണെങ്കില്‍ വേട്ടക്കാരനൊപ്പം നിന്നേ മതിയാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ”രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റിവിടരുതെന്ന മമ്മൂട്ടിയുടെ ഡയലോഗ് ആണ് പറയാനുള്ളത്. ആര്‍ക്കു വേണ്ടി ഹാജരാകണമെന്നും ഏത് കേസ് ഏറ്റെടുക്കണമെന്നതും എന്റെ തീരുമാനമാണ്. എന്റെ അടുത്ത് ഒരു പ്രതി കരഞ്ഞുകൊണ്ടു വന്നു സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ക്കു വേണ്ടി ഹാജരാകും. പ്രതിയെ രക്ഷിക്കാമെങ്കില്‍ ശിക്ഷിക്കാനും ആളൂരിന് അറിയും. തൊഴില്‍ നൈതികത പൂര്‍ണമായും പാലിക്കുന്നയാളാണ് ഞാന്‍. വാദിക്കൊപ്പം നിന്നു പ്രതിക്കു വേണ്ടി ആനൂകൂല്യം ചെയ്തുകൊടുത്തു സംരക്ഷിക്കുന്ന നടപടി എന്റെ ജീവിതത്തിലുണ്ടാകില്ല. പണമോ സ്വാധീനമോ എന്തു തന്നെയുണ്ടായാലും അതില്‍ വീണുകൊടുക്കില്ല. മനഃസാക്ഷി മാറ്റിവച്ചാകണം അഭിഭാഷകര്‍ കോടതിയില്‍ എത്തേണ്ടത്. മനഃസാക്ഷിക്ക് അനുസരിച്ചു കേസ് നടത്തിയാല്‍ നമ്മുടെ കക്ഷിയോട് നീതിപുലര്‍ത്താന്‍ സാധിക്കണമെന്നില്ല.”കൊലപാതകക്കേസും പോക്സോ ബലാത്സംഗക്കേസുകളുമെല്ലാം പൈശാചികവും ക്രൂരവുമായ പ്രവൃത്തികളാണ്.

അവരുടെ കേസുകള്‍ സൗജന്യമായി ഏറ്റെടുത്തു നടത്തില്ല. കുറ്റം ചെയ്ത ആളുകളുടെ സ്വത്തിനും ജീവനും സംരക്ഷണം ലഭിക്കണമെങ്കില്‍ അതിനു തത്തുല്യമായ പണം ചെലവാക്കേണ്ടിവരും. അയ്യായിരവും പതിനായിരവുമെല്ലാം പേജുള്ള കുറ്റപത്രമെല്ലാം വായിക്കേണ്ടതുണ്ട്. ”ജോളി കൂടത്തായി കേസില്‍ 257 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. അവരെ വിസ്തരിക്കാന്‍ ഒരു വര്‍ഷമെടുക്കും. എന്റെ എല്ലാ കേസുകളും മാറ്റിവച്ചാണ് ആ കേസ് ഏറ്റെടുത്തുനടത്തുന്നത്. അപ്പോള്‍ അതിനു കോടിക്കണക്കിനു രൂപയുടെ ചെലവുവരും. അതിനനുസരിച്ച് കക്ഷികള്‍ പണം ചെലവാക്കാന്‍ തയാറാണെങ്കില്‍ മാത്രമേ എനിക്ക് അവരുടെ കേസ് ഏറ്റെടുക്കാനാകൂ.”വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു കൈ മാത്രമുള്ള ഗോവിന്ദചാമിയുടെ കേസില്‍ 2016 രണ്ടാം ഓണംനാളില്‍ സുപ്രിംകോടതി ശിക്ഷ ജീവപര്യന്തമാക്കുന്നുണ്ട്. കേസില്‍ കൊലപാതകവും നരഹത്യവും തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും അതിനാല്‍ ഏഴു വര്‍ഷം മാത്രം ശിക്ഷ നല്‍കാനേ ആകൂവെന്നും സുപ്രിംകോടതി പറഞ്ഞു. കീഴ്ക്കോടതി മുതല്‍ സുപ്രിംകോടതി വരെ എല്ലാ തട്ടിലും എന്നെ വിശ്വസിച്ച് ഒപ്പംനിന്ന പ്രതിക്കു വേണ്ടി വാദമുഖങ്ങള്‍ ഉന്നയിച്ചു നീതി നടപ്പാക്കാന്‍ എനിക്കു സാധിച്ചു.

എന്നെ വിശ്വസിക്കുന്ന കക്ഷികളോട് നൂറുശതമാനം നീതിപുലര്‍ത്താനായ ഒരു കേസായിരുന്നു അതെന്നും ബി.എ ആളൂര്‍ പറയുന്നു. ഇരയാക്കപ്പെടുന്നവരുടെ കേസുകള്‍ പരാജയപ്പെടുന്നതിന് പ്രധാന കാരണം, പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതും, പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നതു കൊണ്ടുമാണ്. കോണ്‍ക്രീറ്റായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാതെ വരുന്നതാണ് ഇതിനു കാരണം. അതിന് പ്രതികളുടെ ഭാഗത്തുള്ള വക്കീലിനെ പഴി പറഞ്ഞിട്ട് കാര്യമില്ല. ഒരു ക്രൈം നടന്നാല്‍, അതിലെ പ്രതി കുറ്റക്കാരനാവണമെങ്കില്‍ കേസില്‍ ശിക്ഷിക്കപ്പെടണം. അതിനു മുമ്പ് അയാള്‍ക്ക് കോടതിയില്‍ നിന്നും എല്ലാവിധ പരിഗണനകളും ലഭിക്കും. ഇത് നീതിന്യായ വ്യവസ്ഥ പൗരനു നല്‍കുന്ന സംരക്ഷണമാണ്. ഇതിനെ എതിര്‍ക്കുന്ന് ശരിയായ നടപടിയല്ല. എന്നാല്‍, ആലുവ കേസില്‍ പ്രതിഭാഗം എന്നെ സമീപിക്കാത്തതും, ചാന്ദ്‌നി എന്ന കുട്ടിയെ മൃഗീയമായി പിച്ചിച്ചീന്തിയതു കൊണ്ടും പ്രതിയായ അസ്ഫാഖിന് തൂക്കുകയര്‍ തന്നെയാണ് ലഭിക്കേണ്ടതെന്നും ആളൂര്‍ വക്കീല്‍ പറയുന്നു. തായിക്കാട്ടുകര ഗാരേജ് റെയില്‍വേ ഗേറ്റിനു സമീപത്തായിരുന്നു ചാന്ദ്‌നിയുടെ കുടുംബം താമസിച്ചിരുന്നത്. രക്ഷിതാക്കള്‍ ജോലിക്ക് പോയപ്പോള്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. കുട്ടിക്ക് വേണ്ടി പൊലീസ് നോട്ടീസ് ഇറക്കി സംസ്ഥാനത്തുടനീളം അന്വേഷിക്കവേയാണ് പ്രാര്‍ഥനകള്‍ വിഫലമാക്കി ആലുവ മാര്‍ക്കറ്റിന് സമീപത്തു നിന്ന് ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.