
‘മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ വന്നത് തന്‍റെ അറിവോടെയല്ല’: സർക്കാരിന് കത്ത് നൽകി ഐജി ലക്ഷ്മൺ
ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ വന്നത് തന്‍റെ അറിവോടെയല്ലെന്ന് ചൂണ്ടിക്കാട്ടി ഐജി ലക്ഷ്മൺ ചീഫ് സെക്രട്ടറി വി.വേണുവിനു കത്തു നൽകി. ഹർജി പിൻവലിക്കാൻ തന്റെ അഭിഭാഷകനോടും ലക്ഷ്മൺ ആവശ്യപ്പെട്ടു. ഹർജിയിൽ ഗുരുതര പരാമർശങ്ങൾ വന്നതോടെ അച്ചടക്ക നടപടി ഒഴിവാക്കാനാണ് ഹർജി പിൻവലിക്കുന്നത്.
വ്യാജപുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളില്‍ ലഭിച്ച നോട്ടിസിനു മറുപടിയായി, എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയിലെ പരാമര്‍ശങ്ങളാണ് തന്‍റെ അറിവോടെയല്ലെന്നു ലക്ഷ്മൺ സര്‍ക്കാരിനെ അറിയിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി താന്‍ ഇതുവരെ കണ്ടിട്ടില്ല. മാധ്യമ വാര്‍ത്തകളിലൂടെയാണ് ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പരാമര്‍ശങ്ങളുള്ള വിവരം അറിഞ്ഞതെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നതായാണ് ലക്ഷ്മൺ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പു കേസിൽ ഉൾപ്പെടുത്തിയതിന് എതിരെയായിരുന്നു ഹർജി. മുഖ്യമന്ത്രിയുടെ ഓഫിസിലെ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുകയും ഒത്തുതീർപ്പിന് നേതൃത്വം നൽകുന്നതായും ഹർജിയിൽ ആരോപിച്ചിരുന്നു. 17ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ലക്ഷ്മൺ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടിസ് നൽകും. കേസിൽ മൂന്നാം പ്രതിയാണ് ലക്ഷ്മൺ. കൂട്ടുപ്രതികളായ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സർവീസിലുള്ള ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ രംഗത്തുവന്നത് രാഷ്ട്രീയ വിവാദമായിരുന്നു. നടപടിയുണ്ടാകുമെന്ന് സൂചന ലഭിച്ചതോടെയാണ് ഹർജി പിൻവലിക്കാൻ ലക്ഷ്മൺ തീരുമാനിച്ചത്.
മോൻസന് വഴിവിട്ട പല സഹായങ്ങളും ഐജി നൽകിയിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. മോൻസന്റെ വാട്സാപ്പ് ചാറ്റുകളടക്കം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. സസ്പെൻഡ് ചെയ്ത ലക്ഷ്മണിനെ സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരിയിൽ സർവീസിൽ തിരിച്ചെടുത്തു. വകുപ്പുതല നടപടികള്‍ പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് തിരിച്ചെടുത്തത് എന്നായിരുന്നു വിശദീകരണം. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് തെലങ്കാന സ്വദേശിയായ ലക്ഷ്മൺ.