
പോലീസിനെതിരെയുള്ള അഫ്സാനയുടെ വെളിപ്പെടുത്തൽ: ഡിജിപിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
നൗഷാദ് തിരോധാന കേസിൽ ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു എന്ന് മൊഴി നൽകേണ്ടി വന്നത് പൊലീസിന്റെ മർദനത്തെ തുടർന്നാണെന്ന അഫ്സാനയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഇത് സംബന്ധിച്ച് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഡിജിപിയോട് ആവശ്യപ്പെട്ടു. പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും വായിൽ പെപ്പർ സ്പ്രേ അടിച്ചെന്നും അഫ്സാന പറഞ്ഞതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒന്നര വർഷം മുമ്പ് കാണാതായ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. അതേസമയം യുവാവിനെയും പൊലീസ് കേസിൽ കുടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്.
അഫ്സാനയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് രാജേഷ് എന്ന യുവാവിന്റെ പേര് പരാമര്‍ശിക്കുന്നത്. നൗഷാദ് തിരികെ വന്നില്ലായിരുന്നെങ്കിൽ രാജേഷും കേസില്‍ പ്രതിയാകുമായിരുന്നു. രാജേഷ് എന്ന സുഹൃത്തിന് കേസില്‍ പങ്കുണ്ടെന്ന് അഫ്സാന മൊഴി നല്‍കിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഫ്സാന മനഃപൂര്‍വം തെറ്റിദ്ധരിപ്പിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.