
ഹരിയാനയിൽ വർഗീയ സംഘർഷം; കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി: നിരോധനാജ്ഞ
ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഇതുവരെ 20 പേർ പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
സംഘർഷാവസ്ഥ കണക്കിലെടുത്ത് പൽവാൽ, ഫരീദാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകളും ഇന്ന് അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ ഹോം ഗാർഡാണ്.
സംഘർഷത്തിൽ നിരവധി വാഹനങ്ങൾ കത്തിച്ചു. മേഖലയിൽ രാത്രി വൈകിയും സംഘർഷം നിലനിന്നു. സംഭവ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ നൂഹ് ജില്ലയിൽ ഇന്റർനെറ്റ് നിരോധിക്കുകയും ചെയ്തു. സംഘർഷത്തിനിടയിൽ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
പരസ്പരം കല്ലേറുണ്ടാകുകയും പ്രകടനത്തിൽ പങ്കെടുത്തവരുടെ കാറുകൾ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് വാഹനങ്ങളും കത്തിച്ചു. ബജ്റംഗ്ദളും വി.എച്ച്.പിയും സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയിലാണ് സംഘർഷം നടന്നത്. പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ രണ്ട് യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും പ്രവർത്തകരും യാത്രയിൽ ഉണ്ടായത് സംഘർഷത്തിന് കാരണമാകാമെന്ന് റിപ്പോർട്ട് ഉണ്ട്. ചില പ്രവർത്തകർ സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിലേക്ക് നയിച്ചെന്നുള്ള റിപ്പോർട്ടുകളുമുണ്ട്.
സംഘർഷ മേഖലയിൽ എല്ലാവരും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആവശ്യപ്പെട്ടു. നൂഹ്ൽ സ്ഥിതി മോശമാണെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു. 3000 ത്തോളം പേർ നൂഹിലെ ഒരു ക്ഷേത്രത്തിൽ ബന്ദികളാക്കപ്പെട്ടെന്നും പോലീസിനോട് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനിൽ വിജ് പറഞ്ഞു.