murder-puzhayil-chadi-marichu

കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ സംഭവം; ദർശനയുടെ ഭർത്താവും കുടുംബവും പോലീസിൽ കീഴടങ്ങി

ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ കീഴടങ്ങി. ആത്മഹത്യ ചെയ്ത ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവരാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കഴിഞ്ഞദിവസം ഇവർക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ജൂലൈ 13നാണ് കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തിൽ വി.ജി.വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും മകൾ ദർശന, കീടനാശനി കഴിച്ചതിനു ശേഷം മകൾ ദക്ഷയെയുമെടുത്ത് പുഴയിൽ ചാടി മരിച്ചത്. ഈ സമയം യുവതി അഞ്ചുമാസം ഗർഭിണിയായിരുന്നു. മരണത്തിനു പിന്നാലെ ദർശനയുടെ ഭർത്താവും കുടുംബവും ഒളിവിൽ പോയിരുന്നു. 

വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഭർത്താവിന്റെ കുടുംബത്തിൽ നിന്ന്  മകൾ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി ദർശനയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. 2016 ഒക്ടോബർ 23നായിരുന്നു ദർശനയുടെ വിവാഹം. അന്ന് വിവാഹ സമ്മാനമായി നൽകിയ സ്വർണം ഓംപ്രകാശിന്റെ പിതാവ് നടത്തിയിരുന്ന കാപ്പിക്കച്ചവടത്തിന് ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നാണു പീഡനം തുടങ്ങിയത്. പിന്നീട് ദർശന പൂക്കോട് വെറ്ററിനറി കോളജിൽ ജോലി ചെയ്തപ്പോൾ ലഭിച്ച തുക ഓംപ്രകാശിനു കാർ വാങ്ങാൻ നൽകാത്തതിലും പീഡനം ഉണ്ടായിരുന്നെന്ന് ദർശനയുടെ മാതാപിതാക്കൾ ആരോപിച്ചു.

വിവാഹ ബന്ധം വേർപിരിഞ്ഞാൽ മകൾ ദക്ഷയ്ക്ക് അച്ഛൻ നഷ്ടപ്പെടുമെന്ന് കരുതിയാണ് ദർശന അതിന് ശ്രമിക്കാതിരുന്നത്. ഇതിനിടയിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി 2 തവണ ഗർഭം അലസിപ്പിക്കേണ്ടി വന്നതും യുവതിയെ മാനസികമായി തളർത്തി. ആറര വർഷത്തോളം നീണ്ട കനത്ത മാനസിക ശാരീരിക പീഡനങ്ങളെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.

vandhana-mbbs-doctor- Previous post ഡോ. വന്ദന കൊലക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും; പ്രതി ബോധപ്പൂർവം കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ
air-india-nedumbassery-runway Next post വിമാനത്തിൽ വ്യാജബോംബു ഭീഷണി; നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി, യുവതിയെ പൊലീസിനു കൈമാറി