
എക്സ് റേ മെഷീനുകളുടെ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന വാർത്ത യാഥാർത്ഥ്യം തിരിച്ചറിയാതെയുള്ളത്: മെഡി.കോളേജ് സൂപ്രണ്ട്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കേടായിക്കിടക്കുന്ന എക്സ് റേ മെഷീനുകൾ അറ്റകുറ്റപ്പണി നടത്താതെ നശിപ്പിക്കുന്നുവെന്ന പത്രവാർത്ത യാഥാർത്ഥ്യം മനസിലാക്കാതെയുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ അറിയിച്ചു. കാലഹരണപ്പെട്ട മെഷീനുകളാണ് അവയെന്ന് തിരിച്ചറിയാതെയാണ് അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് പത്രത്തിൽ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള കൺവെൻഷണൽ റേഡിയോഗ്രഫി എക്സ്റേ മെഷീനുകളെക്കുറിച്ചാണ് വാർത്ത വന്നിട്ടുള്ളത്. അവ കാലഹരണപ്പെട്ടതാണ്. അത്യന്താധുനിക കംപ്യൂട്ടറൈസ്ഡ് – ഡിജിറ്റൽ റേഡിയോ ഗ്രഫി മെഷീനുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇത്തരം നാലു ഡിജിറ്റൽ മെഷീനുകളും മൂന്ന് കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രഫി ( സി ആർ ) മെഷീനുകളുണ്ട്. ഇവയ്ക്കു പുറമേ വാർഡുകളിലേയ്ക്കായി സി ആർ ടെക്നോളജിയിലുള്ള മൊബൈൽ എക്സ് റേ യൂണിറ്റുകളും പ്രവർത്തിക്കുന്നു. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച കൺവെൻഷണൽ മെഷീനുകൾ പൂർണമായും കാലഹരണപ്പെട്ടു കഴിഞ്ഞു. അറ്റകുറ്റപ്പണികൾ ഇനി സാധ്യമല്ലെന്ന് നിർമ്മാണക്കമ്പനികൾ അറിയിച്ചു കഴിഞ്ഞു. മാത്രമല്ല ഈ മെഷീനുകൾ ഡീകമ്മീഷൻ ചെയ്യുന്നുതിനുള്ള നടപടികളും ആരംഭിച്ചു. ഈ വസ്തുതകൾ മനസിലാക്കാതെ മെഷീനുകൾ അറ്റകുറ്റപ്പണി നടത്താതെ നശിപ്പിക്കുന്നുവെന്ന പത്രവാർത്ത തികച്ചും വാസ്തവ വിരുദ്ധമാണ്. ഈ മെഷീനുകൾക്ക് റേഡിയേഷൻ സേഫ്ടി അതോറിറ്റി ഇനി പ്രവർത്തനാനുമതി നൽകില്ല. നാലു സി ടി സ്കാൻ മെഷീനിൽ രണ്ടെണ്ണം കേടായിക്കിടക്കുന്നുവെന്ന വാർത്തയും തെറ്റാണ്. ഇതിൽ 2019 ലും 2022 ലുമായി രണ്ടു മെഷീനുകൾ ഡീകമ്മീഷൻ ചെയ്തവയാണ്. പകരം മൂന്നു സി ടി സ്കാൻ മെഷീനുകളാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നതെന്നും സൂപ്രണ്ട് പറഞ്ഞു.