
വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു
മന്ത്രി വി. ശിവന്‍കുട്ടി
കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും മുന്‍ ഗവര്‍ണറും ആയിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി അനുശോചിച്ചു. ജനങ്ങളുടെ മനസ്സില്‍ ഇടം പിടിച്ച നേതാവിനെ ആണ് നഷ്ടമായിരിക്കുന്നത്. മികച്ച പാര്‍ലമെന്റേറിയനും ഭരണാധികാരിയുമായിരുന്നു വക്കം പുരുഷോത്തമനെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മന്ത്രി കെ. രാധാകൃഷ്ണന്‍
അന്തരിച്ച മുന്‍ സ്പീക്കറും മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ മുന്‍ സ്പീക്കറും മന്ത്രിയുമായ കെ രാധാകൃഷ്ണന്‍ അനുശോചിച്ചു. പ്രഗത്ഭനായ ഒരു പാര്‍ലമെന്ററിയനായ വക്കം നിയമ നിര്‍മ്മാണസഭയെ ഫലപ്രദമായി ഉപയോഗിച്ച
കര്‍ക്കശക്കാരനായ സഭാ നാഥനായിരുന്നു.
2001 മുതല്‍ 2004 വരെ അദ്ദേഹം സ്പീക്കറായ സഭയില്‍ ഞാന്‍ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു. പൊതുരംഗത്ത് അദ്ദേഹം ചെയ്ത സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടും. – കെ രാധാകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മന്ത്രി ആന്റണി രാജു
മുന്‍മന്ത്രിയും മുന്‍ സ്പീക്കറും മുന്‍ ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. എംഎല്‍എയും എംപിയുമായി നിരവധി വര്‍ഷം പൊതു ജീവിതത്തില്‍ തിളങ്ങി നിന്ന അദ്ദേഹം മികച്ച ഭരണകര്‍ത്താവായും പ്രാഗത്ഭ്യം തെളിയിച്ചു. മന്ത്രിയായിരിക്കെ നിരവധി പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു.
മന്ത്രി എം.ബി രാജേഷ്
മുന്‍ നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. നിയമസഭാ സ്പീക്കറെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സമയനിഷ്ഠ, അച്ചടക്കം എന്നിവ ഉറപ്പുവരുത്തി നിയമസഭാ നടപടികള്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ അദ്ദേഹം വളരെ കാര്‍ക്കശ്യം പുലര്‍ത്തി. നിയമസഭാ സ്പീക്കറായി ചുമതലയേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചില മാതൃകകള്‍ വ്യത്യസ്തമായ രീതിയില്‍ നടപ്പാക്കാനാണ് ശ്രമിച്ചത്. സംസ്ഥാന മന്ത്രി, ആന്‍ഡമാന്‍-നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍, മിസോറം ഗവര്‍ണര്‍, ലോക്സഭാംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിന്റെ പൊതുമണ്ഡലത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
ഷിബു ബേബിജോണ്‍ (ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി)
മികച്ച ഭരണാധികാരിയും നിയമ സഭയുടെ ഗൗരവം വീണ്ടെടുത്ത പ്രഗത്ഭനായ സ്പീക്കറുമായിരുന്നു വക്കം പുരുഷോത്തമനെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. എന്നെപ്പോലെ പുതിയതായി നിയമസഭയില്‍ എത്തിയവര്‍ക്ക് നിയമസഭയില്‍ ഏറ്റവും പ്രധാനപ്പെട്ട പോയിന്റുകള്‍ തയ്യാറാക്കി അവതരിപ്പിക്കുവാന്‍ കഴിയുന്ന വിധം സമയ കൃത്യത പാലിക്കുവാന്‍ സ്പീക്കര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണമായിട്ടുണ്ട്. വക്കം പുരുഷോത്തമന്‍ ടൂറിസം വാരാഘോഷത്തിനു തുടക്കം കുറിച്ചു. ആന്റമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ അവിടെയും ടൂറിസം പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി. വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
മുന്‍ മന്ത്രി കെ. ബാബു എം.എല്‍.എ
സമയനിഷ്ഠയില്‍ ശ്രദ്ധിച്ച കര്‍ക്കശക്കാരനായ ഭരണാധികാരിയും ജനകീയനായ പൊതുപ്രവര്‍ത്തകനുമായിരുന്നു വക്കം പുരുഷോത്തമന്‍. തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാ സ്പീക്കറും ഗവര്‍ണറും മുന്‍ മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. വ്യക്തിപരമായി എന്നെ ഏറെ പ്രോത്സാഹിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. സമയനിഷ്ഠയില്‍ ശ്രദ്ധിച്ച കര്‍ക്കശക്കാരനായ ഭരണാധികാരിയും ജനകീയനായ പൊതുപ്രവര്‍ത്തകനുമായിരുന്നു വക്കം പുരുഷോത്തമന്‍. സ്പീക്കര്‍ എന്ന നിലയില്‍ അദ്ദേഹം സഭാനടപടികള്‍ കൃത്യതയോടെ നടപ്പിലാക്കാന്‍ ശ്രദ്ധിച്ചു. നിയമസഭയ്ക്ക് പൊതുസമൂഹത്തില്‍ മാന്യത നല്‍കുവാനുള്ള അദ്ദേഹത്തിന്റെ നടപടികള്‍ പ്രത്യേകം സ്മരണീയമാണ്. ഏറ്റെടുത്ത എല്ലാ ചുമതലകളും നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിച്ച് വിജയിപ്പിക്കുവാന്‍ കഴിഞ്ഞു. രാഷ്ട്രീയമായും ഭരണപരമായും തന്റെ നിലപാടുകളില്‍ ഉറച്ച് നിന്ന് മുമ്പോട്ട് പോയിരുന്ന വക്കം പുരുഷോത്തമന്‍ ശക്തനായ ഭരണാധികാരിയായിരുന്നു.
ജോസ് കെ മാണി ( കേരള കോണ്‍ഗ്രസ് എം)
പൊതുപ്രവര്‍ത്തകന്‍, പാര്‍ലമെന്റേറിയന്‍, ഭരണാധികാരി, സ്പീക്കര്‍ എന്നീ നിലകളില്‍ വക്കം പുരുഷോത്തമന്റെ സംഭാവനകള്‍ സ്മരണീയമാണെന്ന് കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ മാണി . വളരെ വേഗം തീരുമാനങ്ങളെടുക്കാനും കര്‍ക്കശമായി അത് നടപ്പാക്കാനും അസാധാരണ വൈഭവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സമയബന്ധിതമായും ചട്ടങ്ങളും കീഴ് വഴക്കങ്ങളും പൂര്‍ണമായും പാലിച്ചുകൊണ്ടും നിയമസഭ പ്രവര്‍ത്തിപ്പിച്ച പ്രഗത്ഭനായ സ്പീക്കറായിരുന്നു അദ്ദേഹമെന്നും അനുശോചന കുറിപ്പില്‍ ജോസ് കെ മാണി പറഞ്ഞു