
‘പോലീസിനെതിരെ പരാതിയില്ല’; കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയമെന്ന് ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്
കൂടുതൽ പേർക്ക് മകളെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്. പ്രതിക്ക് മരണശിക്ഷ കിട്ടുന്നത് തനിക്കും കുടുംബത്തിനും കാണണമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞ് ഇപ്പോൾ തന്റേത് മാത്രമല്ല, കേരളത്തിന്റേതായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലപാതകത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്ന് കേൾക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ഒരാളെ മാത്രമാണ് പിടികൂടിയത്. കേസിൽ പങ്കുള്ളവരെ മുഴുവൻ പിടികൂടണം. സംസ്ഥാന പോലീസിനെതിരെയും സർക്കാരിനെതിരെയും തനിക്ക് പരാതികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേമസയം, ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡി.ഐ.ജി. എസ്.ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു. പ്രതി അസ്ഫാക് ആലത്തെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്നും കേസില്‍ ഇനിയും അന്വേഷണം നടത്തണമെന്നും ഡി.ഐ.ജി. മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തെ ഞായറാഴ്ച കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.