
മുഖ്യമന്ത്രി ഏതോ ബാഹ്യശക്തികളുടെ പിടിയിൽ; നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് രമേശ് ചെന്നിത്തല
ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിക്കാത്തത് ആശ്ചര്യജനകമാണെന്ന് രമേശ് ചെന്നിത്തല. ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും ഇടാത്തത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ സംസ്കാര ചടങ്ങിൽ മന്ത്രിമാർ പങ്കെടുത്തില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രതികരണം.
മുഖ്യമന്ത്രി ഏതോ ബാഹ്യ ശക്തികളുടെ പിടിയിലാണ്. ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ഈ മൗനം? ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ആലുവ സംഭവത്തിന്റെ മൂലകാരണം. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയായെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അഞ്ചു മാസമായി ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് എന്ത് മന:സാക്ഷിയാണുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തെ ചേര്‍ത്തുപിടിക്കാനും നീതി ഉറപ്പാക്കാനും മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.