സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരിക്കുന്നു. ഇതിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശില്പശാല ബഹു.കേരളാ മുഖ്യമന്ത്രി ശ്രീ.പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്യും . 2022 ജൂണ്‍ 16 വ്യാഴം രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ശില്പശാലയില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി , കരിക്കുലം കമ്മിറ്റി അംഗങ്ങളും കോര്‍ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന കരിക്കുലം, കോര്‍കമ്മിറ്റി സംയുക്ത യോഗത്തില്‍ പരിഷ്കരണ രൂപരേഖ ചര്‍ച്ച ചെയ്യും.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി നടത്തിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ സ്കൂളുകളുടെ ഭൗതിക സാഹചര്യം വലിയതോതില്‍ വര്‍ദ്ധിപ്പിക്കാന്‍ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഓരോ കുട്ടിയേയും ഓരോ യൂണിറ്റായി പരിഗണിച്ചുകൊണ്ടുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നിര്‍വ്വഹണവുമാണ് അടുത്ത ലക്ഷ്യം. ഇതിന്‍റെ ഭാഗമായി അക്കാദമിക മാസ്റ്റര്‍പ്ലാന്‍, അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള നിരവധി പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. ആധുനിക സാങ്കേതകിവിദ്യയുടെ വളര്‍ച്ചയിലൂടെ തൊഴില്‍ രംഗത്തും സമൂഹത്തിന്‍റെ മറ്റ് മേഖലകളിലും ഉണ്ടായ വളര്‍ച്ചയും വികാസവും ഉള്‍ച്ചേര്‍ന്നുകൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്കരണം അക്കാദമിക സമൂഹത്തിന്‍റെ വേഗത വര്‍ദ്ധിപ്പിക്കാൻ സഹായകമാകും.

കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ഒരേ പാഠപുസ്തകങ്ങളാണ് കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. വൈജ്ഞാനിക സമൂഹത്തിന്‍റെ നിര്‍മ്മിതിയിലൂടെ നവകേരളം സൃഷ്ടിക്കുവാനുള്ള സുപ്രധാന അവസരമായാണ് പാഠ്യപദ്ധതി പരിഷ്കരണത്തെ കാണുന്നത്. പ്രീപ്രൈമറി വിദ്യാഭ്യാസം, സ്കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം തുടങ്ങിയ നാല് മേഖലകളിലാണ് സംസ്ഥാന പാഠ്യ പദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. ഇതിനു സഹായകരമായി 25 ഫോക്കസ് ഏരിയകളിലും ‘പൊസിഷന്‍ പേപ്പറുകളും രൂപീകരിക്കും. പരിഷ്കരണ നടപടികളുടെ അന്തിമഘട്ടത്തിലാണ് പാഠപുസ്തകങ്ങള്‍, ടീച്ചര്‍ ടെക്സറ്റുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുന്നത്. വിവിധ വിഷയങ്ങളിലായി 563 ടൈറ്റില്‍ പാഠപുസ്തകങ്ങളാണ് നിലവില്‍ എസ്.സി.ഇ.ആര്‍.ടി. തയാറാക്കുന്നത്.

മതേതരത്വം, ജനാധിപത്യം, സമഭാവന, സഹിഷ്ണുത, മാനവിക ബോധം, ഭരണഘടനാ മൂല്യങ്ങള്‍ എല്ലാം കേരളീയ പാഠ്യപദ്ധതി ചര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കും. സമഗ്രമായ ഈ പാഠ്യപദ്ധതി പരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാവാന്‍ 2 വര്‍ഷമെങ്കിലും വേണ്ടിവരും

Leave a Reply

Your email address will not be published.

Previous post നടിയും മോഡലുമായ ഷഹാനയുടെ ആത്മഹത്യക്കു പിന്നിൽ ഭർതൃപീഡനം
Next post കാശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ എന്ത് വ്യത്യാസം; സായ് പല്ലവി