computer-crime-cyber-police-kerala

നിർമ്മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവം: നഷ്ടപ്പെട്ട പണം തിരിച്ചുപിടിച്ച് പോലീസ് സൈബർ ഓപ്പറേഷൻ വിഭാഗം

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പോലീസ് സൈബർ ഓപ്പറേഷൻ വിഭാഗം തിരിച്ചുപിടിച്ചു. കേരളത്തിൽ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെ നേട്ടം. കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോകോളിൽ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.

താൻ ഇപ്പോൾ ദുബായിയിലാണെന്നും ബന്ധുവിന്റെ ചികിത്സയ്ക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം 40,000 രൂപ ആവശ്യപ്പെട്ടയാൾ വീണ്ടും 35,000 രൂപ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നുകയുണ്ടായി. സുഹൃത്തിനെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്. 1930 എന്ന ഹെൽപ് ലൈൻ നമ്പരിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട മുഴുവൻ തുകയും കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം തട്ടിപ്പുകാരിൽനിന്ന് പിടിച്ചെടുത്ത് തിരികെ നൽകുകയായിരുന്നു.

പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യർത്ഥന നടത്തിയാൽ പ്രതികരിക്കരുതെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഇത്തരത്തിൽ വ്യാജകോളുകൾ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരളാ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കണം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.

Leave a Reply

Your email address will not be published.

madya-prades-girl-brutaly-raped Previous post മധ്യപ്രദേശിൽ 11കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; കുട്ടിയുടെ നില ഗുരുതരം
ap.abdullakkutti-anil-antony-udf-cpm-bjp leaders Next post ബിജെപിക്ക് പുതിയ കേന്ദ്രഭാരവാഹികൾ; ദേശീയ സെക്രട്ടറിയായി അനിൽ ആന്റണി, ഉപാധ്യക്ഷനായി അബ്ദുല്ലകുട്ടി തുടരും