
‘അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു, ബോധംപോയപ്പോൾ മരിച്ചെന്ന് കരുതി’; നൗഷാദ് രക്ഷപ്പെട്ടതിങ്ങനെ
പത്തനംതിട്ട കലഞ്ഞൂരിൽ കാണാതായ നൗഷാദ് മടങ്ങിയെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ അഫ്സാനയും അവരുടെ സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചതിന് പിന്നാലെയാണ് നൗഷാദിനെ കാണായതെന്ന് പൊലീസ് പറഞ്ഞു. കാണാതാകുന്നതിന് മുൻപ് വാടകവീട്ടിൽ വച്ച് നൗഷാദിനെ അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് അതിക്രൂരമായി മർദ്ദിച്ചിരുന്നു. അവശനിലയിലായ നൗഷാദിനെ അവർ അവിടെ ഉപേക്ഷിച്ച് പോയി. മരിച്ചെന്ന് കരുതിയാകാം നൗഷാദിനെ ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇതിനെത്തുടർന്നാണ് നൗഷാദിനെ കൊലപ്പെടുത്തിയതെന്ന് അഫ്‌സാന പൊലീസിന് മൊഴി നൽകിയത്. എന്നാൽ നൗഷാദ് പിറ്റേദിവസം രാവിലെ സ്ഥലം വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ ആൾക്കാർ സ്ഥിരമായി മർദ്ദിച്ചിരുന്നുവെന്നും അതിനാൽ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നു എന്നാണ് നൗഷാദും മൊഴി നൽകിയിരിക്കുന്നത്. അതേസമയം അഫ്സാനയ്‌ക്കെതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും.
ജാമ്യത്തെ പൊലീസ് എതിർക്കില്ല. എന്നാൽ പൊലീസിനെ കബളിപ്പിച്ചെന്ന കേസുമായി മുന്നോട്ടുപോകും,2021 നവംബർ അഞ്ചിനാണ് നൗഷാദിനെ കാണാതായത്. പിതാവ് അഷറഫിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല, ഇതിനിടെയാണ് സ്ഥിരമായി മദ്യപിച്ചെത്തി വഴക്കിട്ടിരുന്ന നൗഷാദിനെ താൻ തലയ്ക്കടിച്ച് കൊന്നുവെന്നും ഒരാളുടെ സഹായത്തോടെ കുഴിച്ചിട്ടുവെന്നും അഫ്‌സാന കഴിഞ്ഞ ദിവസം പൊലീസിനോട് വെളിപ്പെടുത്തിയത്. പിന്നാലെയാണ് ഇന്ന് നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.