
മണിപ്പുർ സംഘർഷം; സുരക്ഷാസേനയെ വനിതകൾ റോഡിൽ തടഞ്ഞു
മണിപ്പുരിലെ തെൻഗ്നൊപാൽ ജില്ലയിൽ സുരക്ഷാസേന മൊറേ നഗരത്തിലേക്കു കടക്കുന്നത് തടയാനായി വനിതകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. തങ്ങളുടെ പ്രദേശത്ത് സേനാവിന്യാസം വേണ്ടെന്ന നിലപാടിലാണ് കുക്കി ഗോത്രവിഭാഗക്കാർ. പ്രദേശവാസികളും സുരക്ഷാസേനയും തമ്മിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായതിനു പിന്നാലെയാണ് നീക്കം.
നിരോധനാജ്ഞയിൽ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ അവശ്യ വസ്തുക്കൾക്കായി നഗരത്തിലെത്തിയ സ്ത്രീകളും പൊലീസും തമ്മിലായിരുന്നു സംഘർഷമുണ്ടായത്. സുരക്ഷാ സേനയുടെ നടപടിയിൽ പ്രകോപിതരായ ജനക്കൂട്ടം ഉപേക്ഷിക്കപ്പെട്ട നിരവധി വീടുകൾക്ക് തീയിട്ടു. സേനാംഗങ്ങൾ താൽക്കാലിക വാസത്തിനായി ഉപയോഗിച്ചിരുന്ന വീടുകളായിരുന്നു ഇവ.
മേയ് 3ന് ആരംഭിച്ച കലാപത്തിൽ 180ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. 40,000ത്തിലേറെപ്പേർ പലായനം ചെയ്തു. സംസ്ഥാനത്ത് സുരക്ഷാവിന്യാസം വർധിപ്പിച്ചിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ മോശമായി തുടരുകയാണ്.