
കെപിസിസി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ മരണം: കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന് സമര്‍പ്പിച്ച് അംഗീകരിച്ച റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം
2022 ഡിസംബര്‍ 20 ന് അന്തരിച്ച ബഹുമാന്യനായ കെ.പി.സി.സി. ട്രഷറര്‍ വി.പ്രതാപചന്ദ്രന്റെ മരണം മാനസിക സമ്മര്‍ദ്ദം മൂലമാണെന്ന് 14ദിവസത്തിന് ശേഷം മകന് പരാതി നല്കുന്നു. തികച്ചും സ്വാഭാവിക മരണമാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അംഗീകരിച്ച മരണമായിരുന്നു അത്. എന്നാല്‍ 14 ദിവസങ്ങള്‍ക്ക് ശേഷം തന്റെ പിതാവിന്റെ മരണം അസ്വാഭാവികമാണ് എന്ന് മകനും മകളും ചേര്‍ന്ന് പരാതി നല്കുന്നു. അതില്‍ ദുരൂഹതയുണ്ട് എന്ന് ഞാന്‍ അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആ പരാതി സത്യന്ധമായിരുന്നില്ല എന്നെനിക്ക് ബോധ്യപ്പെട്ടു. ട്രഷററുമായി നല്ല ബന്ധത്തിലുള്ള , അദ്ദേഹത്തിന് നല്ല മതിപ്പുള്ള രമേശ്, പ്രമോദ് എന്നിവരെ ആരോപണ വിധേയരാക്കിയതില്‍ ഗൂഢാലോചനയുണ്ട് എന്നും എനിക്ക് മനസ്സിലായി.

എങ്കിലും ഈ വിഷയത്തില്‍ ഒരാഭ്യന്തര അന്വേഷണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ ശ്രീ മരിയാപുരം ശ്രീകുമാര്‍ ചെയര്‍മാനും കെപിസിസി ജനറല്‍ സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ ശ്രീ സുബോധന്‍ അംഗവുമായ കമ്മീഷനെ ആയിരുന്നു അന്വേഷണത്തിന് നിയോഗിച്ചത്. രണ്ടു പേരും തിരുവനന്തപുരത്തുള്ള വ്യക്തികളും വി.പ്രതാപചന്ദ്രനുമായി ദീര്‍ഘകാല ബന്ധമുള്ളവരും ആയിരുന്നു. മരിയാപുരത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായി ചോദ്യാവലികള്‍ തയ്യാറാക്കി അന്വേഷണം നടത്തി. ഓഫീസ് ജീവനക്കാര്‍, ട്രഷററുടെ സുഹൃത്തുക്കള്‍, അയല്‍വാസികള്‍ , പാര്‍ട്ടി ഭാരവാഹികള്‍,പരാതിക്കാരന്, ആരോപണവിധേയര്‍ എന്നിവരില്‍ നിന്നും വിശദമായി മൊഴിയെടുത്തു. ലഭ്യമായ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് കെപിസിസിപ്രസിഡണ്ടായ എനിക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കിട്ടി.
കമ്മീഷന്റെ പ്രധാനകണ്ടെത്തലുകള്‍.
- ട്രഷറര്‍ക്ക് യാതൊരു വിധ മാനസിക സമ്മര്‍ദ്ദവും പ്രസ്തുത വ്യക്തികളില്‍ നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല .
- സാമൂഹ്യ മാധ്യമങ്ങളില്‍ ട്രഷറര്‍ക്കെതിരായി വന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ടര്‍മാര്‍ പേര് വെച്ച് നല്‍കിയതാണ്. അതില്‍ രമേശിനോ പ്രമോദിനോ ഒരു പങ്കുമില്ല.
- ട്രഷറര്‍ക്ക് പ്രസ്തുത വ്യക്തികളുമായി ഒരു സാമ്പത്തികബന്ധവും ഇല്ല.
- മകന് ഈ വ്യക്തികളെക്കുറിച്ച് യാതൊരു മുന്നറിവും ഇല്ല.
- ജീവിച്ചിരിക്കേ പ്രതാപചന്ദ്രന് പാര്‍ട്ടിയോട് ഇവരെക്കുറിച്ച് ഒരു പരാതിയും പറഞ്ഞിട്ടില്ല.
- ചില വ്യക്തികളുടെ പ്രേരണയിലാണ് മകന് പരാതി നല്‍കിയതെന്ന് സുവ്യക്തമാണ്.
- അവര്‍ക്ക് സംഭവിച്ച മാനഹാനി പ്രസ്തുത പരാതി ഉന്നയിച്ചവര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ്. കമ്മീഷന്റെ കണ്ടെത്തലിനെക്കുറിച്ച് പാര്‍ട്ടി വിശദമായി പഠിക്കുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. നിരപരാധികളായ രണ്ട് വ്യക്തികളെ കേസില്‍ പെടുത്താനുണ്ടായ ശ്രമം അത്യന്തം അപലപനീയമാണ്. പത്രങ്ങളില്‍ വന്ന വാര്‍ത്തകളും മാനഹാനിയുണ്ടാക്കുന്നതായിരുന്നു. ആരോപണം ഉണ്ടായി എന്നതിന്റെ പേരില്‍ അവരെ മാറ്റി നിര്‍ത്തി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമായിരുന്നു.