
ആചാരങ്ങൾക്ക് വിരുദ്ധം; ലിവ് ഇൻ റിലേഷൻഷിപ്പുകൾ നിരോധിക്കണമെന്ന് ബിജെപി എംപി രാജ്യസഭയിൽ
ലിവ് ഇൻ റിലേഷൻഷിപ്പ് നിയമവിരുദ്ധമാക്കണമെന്ന് ബിജെപി എംപി അജയ് പ്രതാപ് സിംഗ് രാജ്യസഭയിൽ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ലിവ് ഇൻ റിലേഷൻഷിപ്പ് നിയമം നിരോധിക്കണമെന്നാണ് എംപി ആവശ്യപ്പെട്ടത്.
മുംബൈയിൽ സരസ്വതി വൈദ്യ എന്ന പെൺകുട്ടിയെ ലിവ് ഇൻ പങ്കാളി കൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. ഡബ്ല്യു എച്ച് ഒയുടെ കണക്ക് പ്രകാരം ലോകത്തെ 38 ശതമാനം സ്ത്രീകളും അവരുടെ പങ്കാളികളാൽ കൊല്ലപ്പെടുന്നുവെന്നും എംപി പറഞ്ഞു.’വിവാഹവും കുടുംബ ബന്ധങ്ങളും ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിൻറെ ഭാഗമാണ്. നമ്മുടെ മതഗ്രന്ഥങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ലിവ് ഇൻ ബന്ധമെന്ന സങ്കൽപ്പത്തെ അംഗീകരിക്കുന്നില്ല. ഇന്ത്യയുടെ സംസ്‌കാരവുമായി മുന്നോട്ട് പോകണോ അതോ രാജ്യത്തെ അമേരിക്കയോ മെക്‌സിക്കോയോ ആക്കി മാറ്റണോ. ലിവ് ഇൻ റിലേഷൻപ്പുകൾ അസാന്മാർഗികമാണെന്ന് ഞാൻ കരുതുന്നു. അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ലിവ് ഇൻ റിലേഷൻഷിപ്പുകൾ നിയമവിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നതുകൊണ്ടാണ് ഈ വിഷയം ഇപ്പോൾ ഉന്നയിച്ചത്.’ അജയ് പ്രതാപ് സിംഗ് പറഞ്ഞു.