
ദക്ഷിണ വ്യോമസേന ആസ്ഥാനത്തിന്റെ 40-മത് സ്ഥാപകദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു
ദക്ഷിണ വ്യോമസേന ആസ്ഥാനത്തിന്റെ 40-ാമത് സ്ഥാപകദിന ആഘോഷങ്ങളുടെയും ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെയും ഭാഗമായി ഇന്ന് (ജൂലൈ 26) സൈക്കിൾ റാലി സംഘടിപ്പിച്ചു. ചരിത്രപ്രസിദ്ധമായ ബെൽഹവൻ പാലസിൽ നിന്ന് ദക്ഷിണ വ്യോമസേന ആസ്ഥാനമായ ആക്കുളത്തേക്കുള്ള സൈക്കിൾ റാലി സീനിയർ ഓഫീസർ ഇൻ-ചാർജ് അഡ്മിനിസ്ട്രേഷൻ എയർ വൈസ് മാർഷൽ വികാസ് ശർമ്മ ഫ്ലാഗ് ഓഫ് ചെയ്തു. ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിന്റെ ചരിത്രത്തിൽ ബെൽഹവൻ കൊട്ടാരത്തിന് വളരെ പ്രാധാന്യമുണ്ട്.

1984 ജൂലൈ 20-ന്, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി തിരുവിതാംകൂർ മഹാരാജാവിന്റെ പഴയ കൊട്ടാരമായ ‘ബെൽഹവൻ പാലസിൽ’ ദക്ഷിണ വ്യോമസേന ആസ്ഥാനം ഉദ്ഘാടനം ചെയ്തു. 1984 മുതൽ 1996-ൽ ആക്കുളത്തേക്ക് മാറ്റുന്നത് വരെ ദക്ഷിണ വ്യോമസേന ആസ്ഥാനം ബെൽഹവൻ കൊട്ടാരത്തിലാണ് പ്രവർത്തിച്ചിരുന്നത്. ചരിത്രപരമായ ബന്ധത്തിന്റെ സ്മരണയ്ക്കായാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. ദക്ഷിണ വ്യോമസേന മേധാവി എയർ മാർഷൽ ബി മണികണ്ഠൻ സൈക്കിൾ റാലിയിൽ പങ്കെടുത്ത നാൽപ്പതോളം വരുന്ന വ്യോമസേനാംഗങ്ങളെ അഭിനന്ദിച്ചു.


