
ആലപ്പുഴ മെഡിക്കൽ കോളേജിന് അംഗീകാരം നഷ്ടപ്പെട്ടത് കെ.ജി.എം.സി.ടി.എ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചത് മൂലം
കേരളത്തിലെ നാലാമത്തെ മെഡിക്കൽ കോളേജ് ആയതും, 50 വർഷത്തെ പാരമ്പര്യം ഉള്ളതുമായ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപെട്ടത് കാലാകാലങ്ങളിൽ കെജിഎംസിടിഎ നൽകിയ മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചത് കൊണ്ടാണെന്ന് കെജിഎംസിടിഎ സംസ്ഥാന ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇപ്പോഴും 1962 ലെ സ്റ്റാഫ് പാറ്റേൺ ആണ് പിന്തുടർന്നത്. ഇക്കാലയളവിൽ ആദ്യകാല മെഡിക്കൽ കോളേജുകളിൽ ഒക്കെ ചികിത്സ സൗകര്യങ്ങൾ പതിന്മടങ്ങു വർദ്ധിക്കുകയും, അത്യാധുനിക ചികിത്സ രീതികൾ സംജാതമാക്കുകയും ചെയ്തു. എംബിബിസ് സീറ്റുകളുടെ എണ്ണവും 2 ഇരട്ടിയിലധികം വർദ്ധിച്ചു. മെച്ചപ്പെട്ട ചികിത്സ സംവിധാനം ഏർപ്പെടുത്തിയതിനാൽ രോഗീ ബാഹുല്യം ക്രമതീതമായി വർദ്ധിക്കുകയും ചെയ്തു, എന്നാൽ അതിന് ആനുപാതികമായി അദ്ധ്യാപക, അനദ്ധ്യാപക തസ്തികകൾ സർക്കാരുകൾ സൃഷ്ടിച്ചതുമില്ല.

ഉള്ള തസ്തികകളിൽ തന്നെ 25% എങ്കിലും ഒഴിഞ്ഞു കിടക്കുകയും അവ അടിയന്തിര പ്രാധാന്യത്തോടെ നികത്തുന്നതിലും, സമയബന്ധിതമായി പ്രൊമോഷൻ നടത്തുന്നതിലും വലിയ കാലതാമാസവും ഉണ്ടായികൊണ്ടിരിക്കുകയുമാണ്.
ഇത്തരത്തിൽ അമിതജോലിഭാരം ഉള്ളപ്പോൾ ആണ്, പുതുതായി എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ കാലക്രമേണ സ്ഥാപിക്കാൻ ആരംഭിച്ചത്. അപ്പോഴൊക്കെ തന്നെ ഇതിലെ അപകടം നിരവധി തവണ കെജിഎംസിടിഎ രേഖാമൂലം അതാത് സർക്കാരുകളെ അറിയിച്ചതുമാണ്
മെച്ചപ്പെട്ട ചികിത്സ സൗകര്യം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ അതിനു സൂപ്പർസ്പെഷ്യലിറ്റി ആശുപത്രികൾ ആണ് ആരംഭിക്കേണ്ടത് എന്ന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അത് ചെവികൊള്ളാതെ യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ നാമമാത്രമായ ഡോക്ടർ, നഴ്സിംഗ്, പാരമെഡിക്കൽ സ്റ്റാഫുമാരെ നിയമിച്ച് മെഡിക്കൽ കോളേജുകൾ ആരംഭിച്ചു. ഇതിന്റെ ദൂഷ്യവശം ചൂണ്ടിക്കാണിക്കുകയും, ആവശ്യത്തിന് അധ്യാപക, റെസിഡന്റ്, അനധ്യാപക തസ്തികകൾ, ആശുപത്രി കിടക്കൾക്കും, ഓ പി രോഗികളുടെയും എണ്ണത്തിനു അനുസൃതമായി സൃഷ്ടിക്കണം എന്നും ആവശ്യപ്പെട്ടതാണ്. അതിനു പകരം നിലവിലുള്ള മെഡിക്കൽ കോളേജുകളിൽ നിന്ന് അധ്യാപരെ അവിടെയ്ക്ക് മാറ്റി നിയമിച്ചത് ഈ ആരോഗ്യ സംവിധാനത്തിന്റെ സമ്പൂർണ്ണ തകർച്ചയിലേക്ക് ആയിരിക്കും നയിക്കുക എന്നും മുന്നറിയിപ്പ് നൽകി. രോഗികളുടെ ജീവനും വിദ്യാർത്ഥികളുടെ ഭാവിയും നശിപ്പിക്കുന്ന ഇത്തരം നടപടികളോട് സഹകരിക്കാൻ ഉള്ള ബുദ്ധിമുട്ടും അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും വക വയ്ക്കാതെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദപ്പെടുത്തിയും ഡോക്ടർമാരുടെ കൂട്ട സ്ഥലം മാറ്റങ്ങൾ നിരവധി തവണ ആവർത്തിക്കപ്പെട്ടു.

അത്തരം പ്രവൃത്തികളുടെ ആദ്യ പ്രതിഫലനം ആണ് ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഭവിച്ചത്. ഇപ്പോൾ എല്ലാ കോളേജുകളിലും NMC ആധാർ അടിസ്ഥാന പഞ്ചിങ് ഏർപ്പെടുത്തിയിട്ടുള്ളതിന്നാൽ അതിസമീപ ഭാവിയിൽ തന്നെ മറ്റുള്ള മെഡിക്കൽ കോളേജുകൾക്കും ഇതേ ഗതി തന്നെയാണ് ഉണ്ടാകുവാൻ പോകുന്നത്. എന്‍എംസി കണ്ടുപിടിച്ചാല്‍ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടുന്നതു കൂടാതെ മെഡിക്കല്‍ അദ്ധ്യാപകരുടെ ലൈസൻസ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയും നഷ്ടപ്പെടുകയും ചെയ്യാം.
ആയതിനാൽ അതിശക്തമായി തന്നെ താഴെ പറയുന്ന ആവശ്യങ്ങൾ KGMCTA ഉന്നയിക്കുന്നു.
- ഒഴിഞ്ഞു കിടക്കുന്ന അദ്ധ്യാപക, റെസിഡന്റ് തസ്തികകൾ അടിയന്തിരമായി നികത്തുക
- രോഗികളുടെ എണ്ണത്തിന് അനുസൃതമായി ആവശ്യത്തിന് ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കുക
- എന്‍എംസി അംഗീകാരത്തിനായി അദ്ധ്യാപകരെ താത്കാലികമായി സ്ഥലം മാറ്റുന്നതും പുനര്‍വിന്യസിക്കുന്നതും പഴയ മെഡിക്കല്‍കോളേജുകളുടെ പ്രവര്‍ത്തനത്തെയും അംഗീകാരത്തിനെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ അടിയന്തിരമായി അത്തരം പ്രവർത്തികൾ അവസാനിപ്പിക്കുക
- പ്രൊമോഷൻ, ജനറൽ ട്രാൻസ്ഫർ, ട്രാൻഫർ നടപടികൾ സമയബന്ധിതമായി ദ്രുതഗതിയിൽ നടത്തുക
- ആവശ്യത്തിന് നഴ്സിംഗ്, പാരമെഡിക്കൽ ജീവനക്കാരെ നിയമിക്കുക
- പുതിയ മെഡിക്കൽ കോളേജുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക
7.ഇപ്പോള്‍ വിദ്യാർത്ഥികൾ ഉള്ള മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനവും വികസനവും പൂര്‍ത്തീകരിച്ചിട്ടുമാത്രമേ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാവാന്‍ പാടുള്ളൂ.
- കോളേജുകളിലെ അടിസ്ഥാന വികസനം പൂര്‍ത്തീകരിച്ച ശേഷം ആവശ്യത്തിനു തസ്തിക സൃഷ്ടിച്ച് സൂപ്പർസ്പെഷ്യലിറ്റി ഡിപ്പാർട്മെന്റുകൾ ആരംഭിക്കുകയും, അത് വഴി PG കോഴ്സുകൾ തുടങ്ങുകയും ചെയ്യുക.
- പുതിയ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍ന്നുവരുന്ന ഡ്യുവല്‍ അഡ്മിനിസ്ട്രേഷന്‍ ഉടന്‍ നിര്‍ത്തലാക്കണം. മെഡിക്കല്‍ കോളേജുകളുടെ വികസനം പ്രവര്‍ത്തനം, അംഗീകാരം എന്നിവ വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഘടകമാണിത്
- ശമ്പളപരിഷ്കരണ കുടിശ്ശിക, DA കുടിശ്ശിക എന്നിവ നൽകുക. മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗത്തില്‍ യുവഡോക്ടർമാരെ ആകര്‍ഷിക്കുവാനായി എൻഡ്രി കേഡറിലെ ശമ്പളപരിഷ്കരണ അപാകതകൾ പരിഹരിച്ച് കാലോചിതമായ ശമ്പളവര്‍ദ്ധന വരുത്തണം
- പിജി ഡോക്ടര്‍മാരുടെ എണ്ണത്തിനു തുല്യമായ സീനിയര്‍ റസിഡൻസ് തസ്തികകള്‍ സ്യഷ്ടിക്കണം. സീനിയര്‍ റസിഡൻസ് ഡോക്ടര്‍മാരുടെ വേതനവും ഗണ്യമായി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ റസിഡൻസ് ഡോക്ടര്‍മാരെ കിട്ടുകയുള്ളൂ.
മേൽ പറഞ്ഞ നടപടികൾ പ്രാവർത്തികമാക്കിയില്ലെങ്കിൽ, മറ്റു മെഡിക്കൽ കോളേജുകളുടെ കൂടെ NMC റെക്കഗ്നിനേഷൻ ഭാവിയിൽ അവതാളത്തിലാകുമെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി ഓർമിപ്പിച്ചു.