
എയർ ഇന്ത്യയുടെ മുഖമുദ്രയായിരുന്ന ‘മഹാരാജ’ ചിഹ്നം ഇനി ഉണ്ടാവില്ല; ചുവപ്പ്, വെള്ള, പർപ്പിൾ നിറത്തിലുള്ള പുതിയ ചിഹ്നം കൊണ്ടുവരും
ചുവപ്പും മഞ്ഞയും നിറങ്ങളിലെ വരകളുള്ള തൊപ്പിയും കുർത്തയുമണിഞ്ഞ്, യാത്രികർക്ക് മുൻപിൽ വണങ്ങി നിൽക്കുന്ന എയർ ഇന്ത്യയുടെ ‘മഹാരാജ’ ഇനി ഉണ്ടാവില്ല. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ റീബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് 76 വർഷങ്ങളായി എയർ ഇന്ത്യയുടെ മുഖമുദ്രയായിരുന്ന മഹാരാജയെ മാറ്റാനൊരുങ്ങുന്നത്. വൃത്താകൃതിയിലുള്ള മുഖം, വലിപ്പം കൂടിയ നീണ്ട മൂർച്ചയുള്ള മീശ, ചുവപ്പും മഞ്ഞയും വരകളോട് കൂടിയ ഇന്ത്യൻ തലപ്പാവ്, രാജാവിനെപ്പോലെയുള്ള വ്യക്തിത്വം- ഇതായിരുന്നു എയർ ഇന്ത്യയുടെ മഹാരാജ എന്ന ചിഹ്നം. എയർ ഇന്ത്യ ചാർട്ടേഴ്സ് ചെയർമാനായിരുന്ന ബോബി കൂകയാണ് ‘മഹാരാജ’ രൂപകൽപന ചെയ്തത്. പാകിസ്താനിൽ നിന്നുള്ള വ്യവസായി സയ്യിദ് വാജിദ് അലിയാണ് മഹാരാജിന്റെ കൂർത്ത മീശയ്ക്ക് പ്രചോദനം.അതേസമയം എയർപോർട്ട് ലോഞ്ചുകൾക്കും, പ്രീമിയം ക്ലാസുകൾക്കും ‘മഹാരാജ’ ചിത്രം എയർ ഇന്ത്യ തുടർന്നും ഉപയോഗിക്കും. എന്നാൽ ഇതൊരു ചിഹ്നമായി നിലനിർത്താൻ സാധ്യതയില്ല. ചുവപ്പ്, വെള്ള, പർപ്പിൾ എന്നീ നിറങ്ങളിലുള്ള പുതിയ ചിഹ്നമായിരിക്കും ടാറ്റയുടെ ഉടമസ്ഥതയിലുളള എയർലൈൻ സ്വീകരിക്കുക. എയർ ഇന്ത്യയുടെ റീബ്രാൻഡിങ്ങിനായി ലണ്ടൻ ആസ്ഥാനമായുള്ള ബ്രാൻഡ് ആൻഡ് ഡിസൈൻ കൺസൾട്ടൻസി സ്ഥാപനമായ ഫ്യൂച്ചർബ്രാൻഡിനെ നിയമിച്ചിട്ടുണ്ട്.നേരത്തെ ടാറ്റ ഗ്രൂപ്പിന്റെ എയർ ലൈനായ വിസ്താരയും എയർ ഇന്ത്യയും ഏകീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷത്തോടെ ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ പൂർത്തിയാകും. 2022 ജനുവരി 27-ന് എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ തലേസ് പ്രൈവറ്റ് ലിമിറ്റഡ് വഴി സ്വന്തമാക്കിയിരുന്നു.