
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 97 ബാച്ചുകൾ അനുവദിച്ച് സർക്കാർ, മലപ്പുറത്ത് മാത്രം 53 പുതിയ ബാച്ചുകൾ
കേരളത്തിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനായി പുതിയ 97 അധിക ബാച്ചുകൾ കൂടി സർക്കാർ അനുവദിച്ചു. വിദ്യാഭ്യാസ വകുപ്പ് നൽകിയ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. പുതിയതായി തുടങ്ങിയ 57 ബാച്ചുകൾ സർക്കാർ സ്കൂളിലാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമായ മലബാറിലാണ് കൂടുതൽ ബാച്ചുകളും അനുവദിച്ചത്. മലപ്പുറം ജില്ലയിൽ മാത്രം 53 പുതിയ ബാച്ചുകൾ തുടങ്ങും. കാസർകോട് 15, കോഴിക്കോട് 11, കണ്ണൂർ 10, പാലക്കാട് 4, വയനാട് 4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ. കേരളത്തിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷം വടക്കൻ ജില്ലകളിൽ കൂടുതൽ അധിക ബാച്ചുകൾ അനുവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
മികച്ച മാർക്കോടെ പരീക്ഷ പാസായിട്ടും പ്ലസ് വണിന് പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിനു വിദ്യാർഥികൾ മലബാറിലുണ്ട്. ഇതിൽ നടപടിയാവശ്യപ്പെട്ട് മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികൾ പ്രതിഷേധത്തിലാണ്. വിഷയത്തിൽ സ്പീക്കർ എ.എൻ.ഷംസീറിനെ വേദിയിലിരുത്തി സർക്കാരിനെതിരെ സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു രൂക്ഷവിമർശനം ഉയർത്തിയിരുന്നു.