
സിപിഐ നേതാവിന് നേരെ ആസിഡ് ഒഴിച്ച പ്രതി മരിച്ച നിലയിൽ, സംഭവം മാറനല്ലൂരിൽ
മാറനല്ലൂരിൽ സിപിഐ നേതാവ് സുധീർ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതി മരിച്ച നിലയിൽ. മധുരയിലെ ലോഡ്‌ജിലാണ് സംഭവത്തിൽ പ്രതിയായ സജിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. സുധീർ ഖാനെ ആക്രമിച്ച ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. സിപിഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ് എ.ആർ സുധീർ ഖാൻ.
സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ് പ്രതിയായ സജി കുമാർ. ക്ഷീരോത്പാദന സഹകരണ സംഘവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പ്രതി വന്നു പോയതിന് ശേഷം സുധീർ ഖാന്റെ മുഖത്ത് പൊള്ളലേൽക്കുകയായിരുന്നു.
പരിക്കേറ്റ സുധീർഖാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഏതാണ്ട് 45 ശതമാനം പൊള്ളലേറ്റ സുധീർ ഇപ്പോൾ അപകട നില തരണം ചെയ്‌തു. പ്രതിയുടെ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്താണ് പോലീസ് മധുരയിൽ ലോഡ്‌ജ്‌മുറിയിൽ എത്തിയത്. അപ്പോഴേക്കും പ്രതി ജീവനൊടുക്കിയിരുന്നു.