
അഞ്ജു അടുത്തമാസം ഇന്ത്യയിലേക്ക് മടങ്ങും, വിവാഹം കഴിക്കാൻ പ്ലാനില്ല; പ്രതികരിച്ച് പാകിസ്ഥാൻ സ്വദേശിയായ ഫേസ്ബുക്ക് സുഹൃത്ത്
ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് പോയ ഇന്ത്യക്കാരി ആഗസ്റ്റ് 20 ന് മടങ്ങിയെത്തിയേക്കും. വിസാ കാലാവധി കഴിയുന്നതോടെ ഉത്തർപ്രദേശ് സ്വദേശിനിയായ അഞ്ജു ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്ക് സുഹൃത്തായ പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ സ്വദേശി നസ്റുള്ള എന്ന 29കാരനെ കാണാനാണ് യുവതി പോയത്. ‘അഞ്ജു പാകിസ്ഥാനിലുണ്ട്. ഞങ്ങൾക്ക് വിവാഹം കഴിക്കാൻ പദ്ധതിയില്ല.ആഗസ്റ്റ് 20ന് വിസാ കാലാവധി അവസാനിക്കുമ്പോൾ അവൾ ഇന്ത്യയിലേക്ക് മടങ്ങും. അഞ്ജു എന്റെ കുടുംബത്തിലെ സ്ത്രീകളോടൊപ്പമാണ് താമസിക്കുന്നത്.’- യുവാവ് വാർത്താ ഏജൻസിയോട് പറഞ്ഞു.
ഭർത്താവ് അരവിന്ദിനോട് ജയ്പൂരിലേക്ക് പോകുകയാണെന്നായിരുന്നു പറഞ്ഞത്. പിന്നീട് അരവിന്ദിനെ അഞ്ജു വിളിച്ച്, താനിപ്പോൾ ലാഹോറിലാണ് ഉള്ളതെന്നും രണ്ടുമൂന്ന് ദിവസത്തിനകം മടങ്ങിവരുമെന്നും പറഞ്ഞു.ദമ്പതികൾക്ക് മക്കളും ഉണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ബയോഡാറ്റ എൻട്രി ഓപ്പറേറ്ററായിരുന്നു അഞ്ജു. 2020ൽ വിദേശത്ത് ജോലിക്കായി അഞ്ജുവിന് താൻ പാസ്പോർട്ട് എടുത്തുനൽകിയതായി അരവിന്ദ് വ്യക്തമാക്കുന്നു. അഞ്ജുവിനെ പാകിസ്ഥാനിൽ ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രേഖകളെല്ലാം ശരിയെന്ന് കണ്ട് പിന്നീട് വിട്ടിരുന്നു