
മന്ത്രി ആന്റണി രാജുവിന് ആശ്വാസം; തൊണ്ടിമുതൽ കേസിലെ അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തു
തൊണ്ടിമുതൽ കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നടത്തുന്ന അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സി.ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണം സ്റ്റേ ചെയ്തത്. 33 വര്‍ഷം മുന്‍പുള്ള കേസില്‍ പുനരന്വേഷണം നടത്തുന്നത് മാനസിക പീഡനമാണെന്ന് ആന്റണി രാജു കോടതിയെ അറിയിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതല്‍ കാണാതായാല്‍, പൊലീസിന് കേസെടുക്കാൻ അധികാരമില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി നേരത്തെ ഹൈക്കോടതി എഫ്.ഐ.ആര് റദ്ദാക്കിയിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് കേസ് മുന്നോട്ടുപോകുന്നതില്‍ തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി സുപ്രിംകോടതിയെ സമീപിച്ചത്.1990 ഏപ്രിൽ 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിവസ്ത്രത്തിൽ 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച ഓസ്ട്രേലിയൻ സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടിയിലായിരുന്നു. അന്ന് വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു, തന്റെ സീനിയറുമായി ചേർന്ന് ആൻഡ്രുവിന്റെ വക്കാലത്ത് ഏറ്റെടുത്തിരുന്നു. കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി കൃത്രിമം നടത്തിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്.