
ഹൃദയാഘാതം; പാസ്‌പോർട്ട് പരിശോധനയ്ക്കെത്തിയ പോലീസുദ്യോഗസ്ഥൻ വീട്ടമ്മയ്ക്ക് രക്ഷകനായി
പാസ്പോർട്ട് പരിശോധനയ്ക്കെത്തിയ പോലീസുദ്യോഗസ്ഥൻ വീട്ടമ്മയ്ക്ക് രക്ഷകനായി. ഹൃദയാഘാതംമൂലം ദേഹാസ്വാസ്ഥ്യം കാട്ടിയ വാകത്താനം നെടുമറ്റം പൊയ്കയിൽ ലിസിയാമ്മ ജോസഫിനാണ്, വാകത്താനം പോലീസ്സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥനായ സി.വി. പ്രദീപ്കുമാർ രക്ഷകനായത്.
ശനിയാഴ്ച വൈകീട്ട് നാലരയോടെ ലിസിയാമ്മയുടെ കൊച്ചുമകന്റെ പാസ്പോർട്ട് പരിശോധനയ്ക്കാണ് പ്രദീപ്കുമാർ, പൊയ്കയിൽ വീട്ടിലെത്തിയത്. 10-ാംവാർഡ് മുൻ അംഗംകൂടിയായ ലിസിയാമ്മയും, കിടപ്പുരോഗിയായ ഭർത്താവ് പി.സി.ജോസഫും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംസാരിക്കുന്നതിനിടെ, വീടിന്റെ പൂമുഖത്തിരുന്ന ലിസിയാമ്മയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത് പ്രദീപിന്റെ ശ്രദ്ധയിൽപ്പെട്ടു.
പിന്നീട് ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമമായി. ദിവസങ്ങളായി ഉപയോഗിക്കാതെകിടന്ന, ഇവരുടെ വീട്ടിലെ കാർ തുടർച്ചയായ പരിശ്രമത്തിനൊടുവിൽ സ്റ്റാർട്ടായി. ലിസിയാമ്മയെ ചെത്തിപ്പുഴ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ, ഹൃദ്രോഗമാണെന്നും ബ്ലോക്കുണ്ടെന്നും ആശുപത്രിയധികൃതർ പറഞ്ഞതായി പോലീസറിയിച്ചു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതുകൊണ്ട് രക്ഷിക്കാനായെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതിനുശേഷം പ്രദീപ്കുമാർ രാത്രിയിൽ ആശുപത്രിയിൽനിന്ന് വയോധികയുടെ വീട്ടിലെത്തി ബന്ധുക്കളെ വിവരം ധരിപ്പിച്ചശേഷമാണ് മടങ്ങിയത്.