
കേന്ദ്ര ഏജെൻസികൾ രക്ഷക്കെത്തി എന്ന സ്വപ്നയുടെ മൊഴിയിൽ നിന്ന് അവരുടെ കള്ളക്കളിയാണ് വ്യക്തമാകുന്നത് : കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : കേന്ദ്ര ഏജന്‍സികളാണ് തന്റെ രക്ഷകരായി നിലകൊണ്ടതെന്ന് ഹൈക്കോടതിയില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കിയതിലൂടെ കേന്ദ്ര ഏജന്‍സികളുടെ കള്ളക്കളികളാണ് വ്യക്തമാകുന്നതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.
കേരളപോലീസിൽ വിശ്വാസമില്ലായെന്നും കേന്ദ്ര ഏജന്‍സികളാണ് തന്റെ രക്ഷക്കായി ഉണ്ടായതെന്നും സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ വ്യക്തമാക്കുന്നു . കോടതി പറഞ്ഞാല്‍ സംരക്ഷണം നല്കാൻ ഇ.ഡിയും തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് . ഈ പശ്ചാത്തലത്തിൽ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതി ഇത്തരത്തിൽ പ്രസ്താവിക്കുകയും, വെളിപ്പെടുത്തലുകളെന്ന പേരില്‍ തെറ്റായ മൊഴികള്‍ നല്‍കുകയും ചെയ്യുമ്പോള്‍ തിരക്കഥകള്‍ എന്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന കാര്യം പകല്‍ വെളിച്ചംപോലെ വ്യക്തമാണ് എന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പരാമർശിക്കുന്നു .
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതികള്‍ക്ക് ജോലിയും, സംരക്ഷണവും നല്‍കുന്നത് സംഘപരിവാര്‍ രൂപം നല്‍കിയിട്ടുള്ള എന്‍.ജി.ഒ ആണെന്നും കേസുള്‍പ്പടെ നടത്തുന്നത് സഹായങ്ങള്‍ ഇവർ ചെയ്യുന്നുവെന്നും ഇതിന്റെ ഭാരവാഹി തന്നെ സ്വകാര്യ ചാനലില്‍ വ്യക്തമാക്കിയിരുന്നു . ആര്.എസ്.എസിന്റെ എന്‍.ജി.ഒ യുടെ സംരക്ഷണം, കേന്ദ്ര ഏജന്‍സിയുടെ സുരക്ഷിത വലയം എന്നിവയെല്ലാം ഒരു സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിക്ക് ലഭിക്കുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലുള്ളത് ആരെന്നും വ്യക്തമാകുന്നു എന്നും കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.