vinayakan-cinema-say-sorry-congress

കോൺ​ഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ച സംഭവം; പരാതി പിൻവലിക്കാൻ തയ്യാറെന്ന് വിനായകൻ

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ചതിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ തയ്യാറെന്ന് നടൻ വിനായകൻ. പരാതി പിൻവലിക്കാൻ തയ്യാറെന്ന് വിനായകൻ പൊലീസിനെ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിനായകന്റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ അക്രമമുണ്ടായത്. 

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.  അക്രമം നടത്തിയവര്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എത്തിയത്. പൊലീസും ഫ്ലാറ്റിലെ സുരക്ഷാജീവനക്കാരും ചേര്‍ന്നാണ് ഇവരെ പിടിച്ച് മാറ്റിയത്. അതേസമയം അധിക്ഷേപ പരാമര്‍ശത്തില്‍ വിനായകനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ഇന്ന് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്ന് വിനായകൻ പോലീസിനോട് പറഞ്ഞതായാണ് വിവരം.

വിലാപയാത്രക്കിടെയാണ് നടൻ വിനായകൻ സമൂഹ മാധ്യമങ്ങളിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റിട്ടത്. ഇതിനെതിരെ നിരവധി പരാതികൾ എത്തിയതോടെയാണ്  എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. പ്രകോപനപരമായി സംസാരിക്കൽ , മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. വിനായകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ സനൽ നെടിയതറ പൊലീസ് സ്റ്റേഷന് മുമ്പിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു.

Leave a Reply

Your email address will not be published.

akg.centre-education-reserch-centre Previous post കേരളത്തിന്റെ ധനകാര്യസ്ഥിതി : എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിന്റെ ദ്വിദിന സെമിനാർ ഇ. എം. എസ് അക്കാദമിയിൽ ആരംഭിച്ചു
sivan-kutty-minister-film-award Next post സ്കൂളിൽ നേരിട്ട് എത്തി തന്മയയെ അനുമോദിച്ച് മന്ത്രി വി. ശിവൻകുട്ടി