
ഹ്രസ്വകാല സൈനിക സേവനത്തിന് യുവാക്കള്‍ക്ക് അവസരം: പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി: സൈന്യത്തില്‍ ഹ്രസ്വകാല സേവനത്തിന് യുവാക്കള്‍ക്ക് അവസരമൊരുക്കുന്ന പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് പദ്ധതി പ്രഖ്യാപിച്ചത്.
പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങാണ് അഗ്നിപഥ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പദ്ധതിയെ ചരിത്രപരം എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. കര-നാവിക-വ്യോമ സേനാ മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ വാര്‍ത്താസമ്മേളനം.
പതിനേഴര വയസിനും 21 വയസിനും ഇടയിലുള്ളവര്‍ക്കാണ് സേനയില്‍ ഹ്രസ്വകാലത്തേക്ക് സേവനം അനുഷ്ഠിക്കാന്‍ അവസരമൊരുക്കുക. ഓരോ വര്‍ഷവും അന്പമ്പതിനായിരത്തോളം പേരെ സേനയിലെടുക്കും. ആറുമാസം കൂടുമ്പോഴായിരിക്കും ഈ റിക്രൂട്ട്മെന്റ് നടത്തുക. ആറു മാസത്തെ പരിശീലനം നല്‍കും. 30,000 മുതല്‍ 40,000 രൂപ വരെ ശമ്പളത്തില്‍ നാലു വര്‍ഷം വരെ ഇവര്‍ക്ക് സേനയില്‍ തുടരാം.
നാലു വര്‍ഷത്തെ സേവനം കഴിയുമ്പോള്‍ ഇവരില്‍ കഴിവു തെളിയിക്കുന്ന 25 ശതമാനം പേരെ നില നിര്‍ത്തും. ബാക്കിയുള്ളവരെ 10 മുതല്‍ 12 ലക്ഷം രൂപ വരെ നല്‍കിയാണ് പിരിച്ചു വിടുന്നത്. ഇവര്‍ക്ക് പെന്ഷന് ആനുകൂല്യം ലഭിക്കില്ല.
90 ദിവസത്തിനുള്ളില്‍ റിക്രൂട്ട്മെന്റ് ആരംഭിക്കും. 2023 ജൂലൈയോടെ ആദ്യ ബാച്ച് സൈനിക സേവനത്തിന് തയാറാകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ “അഗ്നിവീര്‍’ എന്ന പേരില്‍ അറിയപ്പെടും. സേനയിലെ സ്ഥിരം സ്ഥാനങ്ങളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടത്. പദ്ധതിയില്‍ വനിതകളെയും ഉള്‍പ്പെടുത്തും.
പദ്ധതി വിജയകരമായി നടപ്പാക്കിയാല്‍ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ വലിയ കുറവു വരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. നിലവില്‍ പ്രതിരോധ ബജറ്റിന്റെ പകുതിയോളം തുക ചെലവഴിക്കുന്നത് പെന്ഷന് നല്‍കാനാണ്. അതേസമയം ഹ്രസ്വകാല സൈനിക സേവന പദ്ധതിക്കെതിരേ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.
അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ കേന്ദ്ര സര്‍വീസില്‍ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സേനയിലെ ഹ്രസ്വകാല നിയമനം കൂടി ചേര്‍ത്താണ് 10 ലക്ഷം നിയമനങ്ങള്‍ എന്നാണ് നിഗമനം. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം.